| Tuesday, 27th October 2026, 7:02 pm

നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം ബാഹുബലി 2 വിടപറയുന്നു; കിരീടമണിഞ്ഞ് മുത്തുവേല്‍ പാണ്ഡ്യന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയുടെ ഗതി തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദി ബിഗിനിങ്ങും, ബാഹുബലി ദി കണ്‍ക്ലൂഷനും. പ്രഭാസിനെ നായകനാക്കി ഒരുക്കിയ ചിത്രത്തെ അനുകരിച്ച് പല ചിത്രങ്ങളും ഇതിനോടകം ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളില്‍ നിന്നും പുറത്തിറക്കിയിരുന്നെങ്കിലും ഒന്നിനും തന്നെ ഈ നിലവാരത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ സിനിമാ മേഖലയില്‍ പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പദം കൊണ്ടുവരുന്നതിലും ചിത്രം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

2017 ല്‍ പുറത്തിറങ്ങിയ ബാഹുബലി 2ന് ലോക്കല്‍ ബോക്‌സ് ഓഫീസിന് പുറത്ത് നിന്ന് വലിയ കളക്ഷനായിരുന്നു ലഭിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലും ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച കളക്ഷനായിരുന്നു ലഭിച്ചത്. 72 കോടിയോളമായിരുന്നു ചിത്രം കേരളത്തില്‍ മാത്രം നേടിയത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അന്യഭാഷാ ചിത്രമാകാനും ബാഹുബലി 2ന് സാധിച്ചിരുന്നു.

ബാഹുബലി 2. Photo: X.com

ഒമ്പത് വര്‍ഷമായി മറ്റാരും തകര്‍ക്കാത്ത ഈ റെക്കോഡിന് പുതിയ ഒരു അവകാശി എത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. രജിനികാന്ത് നായകനായ ജയിലര്‍ 2വാണ് കേരള ബോക്‌സ് ഓഫീസിലെ ബാഹുബലിയുടെ റെക്കോഡിനെ തകര്‍ത്തിരിക്കുന്നത്. ഇതോടെ ഒമ്പത് വര്‍ഷത്തിന് ശേഷം ലിസ്റ്റിലെ ഒന്നാം സ്ഥാനത്ത് നിന്നും ബാഹുബലി പടിയിറങ്ങുകയാണ്.

മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ജയിലര്‍ 2. Photo: X.com

ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഴ് ദിവസത്തിനുള്ളില്‍ ചിത്രം അഞ്ഞൂറ് കോടി സ്വന്തമാക്കുകയും തമിഴ്നാട് ബോക്സ് ഓഫീസിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ ചിത്രം 750 കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Jailer 2 crosses Bahaubali 2 collection in Kerala Box Office

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more