| Saturday, 31st October 2026, 6:29 pm

ഇന്ത്യാസ് ബിഗ്ഗസ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ വേറെ ആര്‍ക്കും ചേരില്ല, സൗത്ത് ഇന്ത്യയിലെ നാല് സംസ്ഥാനത്തും റെക്കോഡ് കളക്ഷനുമായി ജയിലര്‍ 2

അമര്‍നാഥ് എം.

75ാം വയസിലും ബോക്‌സ് ഓഫീസില്‍ തന്റെ പവര്‍ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഒപ്പം വന്നവരും പിന്നാലെ വന്നവരും എത്ര റെക്കോഡ് നേടിയാലും അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് തന്റെ കുതിപ്പ് രജിനി തുടരുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ജയിലര്‍ 2 കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

തമിഴിലെ ആദ്യത്തെ 750 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ജയിലര്‍ 2 800 കോടിയിലേക്ക് കുതിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും പണംവാരി ചിത്രമായി മാറിയ ജയിലര്‍ 2 അടുത്തൊന്നും കുതിപ്പ് നിര്‍ത്തില്ലെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു സ്‌പെഷ്യല്‍ റെക്കോഡും രജിനി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

സൗത്ത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നും 75 കോടിയിലേറെ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ജയിലര്‍ 2 സ്വന്തമാക്കി. തമിഴ്‌നാട്ടില്‍ നിന്ന് ഇതിനോടകം 190 കോടി നേടിയ ചിത്രം മറ്റ് സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രമെന്ന നേട്ടം ജയിലര്‍ 2ന്റെ പേരിലാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 76 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

ആന്ധ്ര/ തെലങ്കാന റീജിയണില്‍ 90 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഈയാഴ്ചക്കുള്ളില്‍ ആന്ധ്രയില്‍ നിന്ന് 100 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി ജയിലര്‍ 2 മാറിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ആന്ധ്ര/ തെലങ്കാന റീജയണില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ നാല് സ്ഥാനങ്ങളിലും രജിനിയുടെ ഡൊമിനേഷനാണ്

കര്‍ണാടകയിലും 80 കോടിക്ക് മുകളില്‍ ജയിലര്‍ 2 നേടിക്കഴിഞ്ഞു. ലിമിറ്റഡ് റിലീസ് വെച്ച് നോര്‍ത്ത് ഇന്ത്യയിലും 50 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. ഇന്ത്യക്ക് പുറത്തും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ ജയിലര്‍ 2ന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് രജിനി തെളിയിച്ചതാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

മറ്റൊരു താരത്തിനും ഈയൊരു നേട്ടം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ‘ഇന്ത്യാസ് ബിഗ്ഗസ്റ്റ് സൂപ്പര്‍സ്റ്റാര്‍’ എന്ന് അറിയപ്പെടുന്ന പല പാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും നേടാനാകാത്ത റെക്കോഡാണ് ഹിന്ദി ബെല്‍റ്റിന്റെ സഹായമില്ലാതെ രജിനി നേടിയത്. 51 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന രജിനി ഇനിയും ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Jailer 2 becomes the first movie to collect 75 crores from all South Indian states

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more