| Wednesday, 21st October 2026, 9:27 pm

ദളപതിയെ വെട്ടി തലൈവര്‍, ലിയോ ഇനി ഓര്‍മ; ഇന്‍ഡസ്ട്രി ഹിറ്റടിച്ച് ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. 130 കോടിയോളം ഓപ്പണിങ് ദിനത്തില്‍ സ്വന്തമാക്കിയ ചിത്രം ആഗോള ബോക്‌സ് ഓഫീസീല്‍ അഞ്ഞൂറ് കോടിയെന്ന മാര്‍ക്ക് പിന്നിട്ടിരുന്നു.

ജയിലര്‍ 2. Photo: X.com

ഇപ്പോഴിതാ ഇന്ത്യയിലെ ലീഡിങ് ഫിലിം ഇന്‍ഡസ്ട്രികളിലൊന്നായ കോളിവുഡിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ 2 മാറിയെന്ന വാര്‍ത്തകളാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. തമിഴിലെ ദളപതിയെന്നറിയപ്പെടുന്ന നിലവിലെ മുഖ്യമന്ത്രി വിജയിയുടെ ലിയോയുടെ കളക്ഷനെ വെട്ടിച്ചാണ് ജയിലര്‍ 2 ഇന്‍ഡസ്ട്രി ഹിറ്റ് പട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ലിയോ 231 കോടിയായിരുന്നു തമിഴ് ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി നേടിയത്.

ഈ റെക്കോഡാണ് റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളില്‍ ജയിലര്‍ 2 മറികടന്നിരിക്കുന്നത്. ലോകേഷിന്റെ മറ്റൊരു ചിത്രമായ വിക്രത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ജയിലറിലൂടെ 2023ല്‍ രജിനി വെട്ടിച്ചിരുന്നു. അതേസമയം ആഗോളതലത്തില്‍ 550 കോടി കളക്ഷനും കടന്ന് കുതിക്കുകയാണ് ജയിലര്‍ 2വിന്റെ കളക്ഷന്‍.

ലിയോ. Photo: X.com

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്ര-തെലങ്കാന റീജിയണില്‍ നിന്നും 200 കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ 800 കോടി കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വരുംദിവസങ്ങളില്‍ നോര്‍ത്ത് ഇന്ത്യയിലും പിടിമുറുക്കാനായാല്‍ 1000 കോടിയെന്ന നേട്ടത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രമാകാനും ജയിലര്‍ 2ന് സാധിക്കും.

Content Highlight: Jailer 2 becomes new industry hit of Tamil cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more