| Sunday, 25th October 2026, 5:50 pm

ലിയോ.... ഏത് ലിയോ, അതിനെയൊക്കെ തീര്‍ത്ത് വിട്ടിട്ടുണ്ട്; ദളപതിയെ വെട്ടി തലൈവര്‍ ആട്ടം

അമര്‍നാഥ് എം.

തമിഴ് സിനിമയിലെ സര്‍വകാല റെക്കോഡിലേക്ക് കുതിക്കുകയാണ് ജയിലര്‍ 2. മൂന്ന് വര്‍ഷത്തിന് ശേഷം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജിനി വേഷമിട്ടപ്പോള്‍ ആരാധകര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 600 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ വിജയ് ചിത്രം ലിയോയുടെ ലൈഫ്‌ടൈം കളക്ഷന്‍ ജയിലര്‍ 2 മറികടന്നിരിക്കുകയാണ്. ലിയോ നേടിയ 610 കോടി എന്ന നേട്ടം വെറും ഒമ്പത് ദിവസം കൊണ്ടാണ് രജിനി മറികടന്നത്. 630 കോടിയിലേറെയാണ് ജയിലര്‍ 2 ഇതിനോടകം സ്വന്തമാക്കിയത്. ഇനി ജയിലര്‍ 2ന്റെ മുന്നിലുള്ള ഒരേയൊരു ചിത്രം 2.0 മാത്രമാണ്.

720 കോടിയാണ് 2.0യുടെ കളക്ഷന്‍. അടുത്ത ആഴ്ചയോടെ ഈ കളക്ഷനും മറികടന്ന് തമിഴിലെ എക്കാലത്തെയും വലിയ ഗ്രോസറായി മാറാന്‍ ജയിലര്‍ 2ന് വലിയ സാധ്യതയുണ്ട്. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമെന്ന നേട്ടവും ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തന്റെ പേരിലാക്കുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ മാത്രമല്ല, ഓരോ റീജിയണിലും പുതിയ കളക്ഷന്‍ റെക്കോഡ് ജയിലര്‍ 2 സ്വന്തമാക്കിക്കഴിഞ്ഞു. ഓവര്‍സീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമയെന്ന നേട്ടം തലൈവരുടെ പേരിലാണ്. 25 മില്യണാണ് ജയിലര്‍ 2ന്റെ ഓവര്‍സീസ് കളക്ഷന്‍. ഓവര്‍സീസില്‍ നിന്ന് ആദ്യ അഞ്ച് മില്യണ്‍ മുതല്‍ 25 മില്യണ്‍ വരെയുള്ള സകല മൈല്‍സ്‌റ്റോണും രജിനിയുടെ പേരിലാണ്.

കേരളത്തിലും ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായും ജയിലര്‍ 2 മാറിയിരിക്കുകയാണ്. 70 കോടിയാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. നവംബര്‍ ആറ് വരെ വലിയ റിലീസില്ലാത്തതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

350 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ജയിലര്‍ 2 ഇതിനോടകം ബ്രേക്ക് ഇവന്‍ സ്റ്റാറ്റസ് സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ 300, 500, 600 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമെന്ന റെക്കോഡും ഇപ്പോള്‍ ജയിലര്‍ 2ന്റെ പേരിലാണ്. ഫൈനല്‍ റണ്ണില്‍ എത്രയാകും ചിത്രം സ്വന്തമാക്കുക എന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

Content Highlight: Jailer 2 beats lifetime collection of Leo movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more