| Sunday, 7th June 2026, 9:29 pm

രജിനിയും നാനിയും പിന്മാറി... ദുല്‍ഖറിന് അടിക്കാന്‍ പോകുന്നത് ലോട്ടറി... പോസിറ്റീവാണെങ്കില്‍ പാന്‍ ഇന്ത്യന്‍ തൂക്ക് ഉറപ്പ്

അമര്‍നാഥ് എം.

രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2023ല്‍ കിങ് ഓഫ് കൊത്ത എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായിട്ടില്ല. ഈ സമയങ്ങളില്‍ അന്യഭാഷാ സിനിമകളിലായിരുന്നു താരം ശ്രദ്ധ നല്‍കിയിരുന്നത്.

രണ്ടര വര്‍ഷത്തിന് ശേഷം ഡി.ക്യുവിന്റെ ഹോംകമിങ് ആഘോഷമാക്കാനൊരുങ്ങുകയാണ് സിനിമാലോകം. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന ഐ ആം ഗെയിമിലൂടെയാണ് മോളിവുഡിലേക്ക് ദുല്‍ഖര്‍ റീ എന്‍ട്രി നടത്തുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.

ഓഗസ്റ്റ് 20ന് ഓണം റിലീസായാണ് ഐ ആം ഗെയിം തിയേറ്ററുകളിലെത്തുന്നത്. കേരളത്തിലെ പല കിങ് സൈസ് തിയേറ്ററുകളിലും ഐ ആം ഗെയിം ചാര്‍ട്ട് ചെയ്തുകഴിഞ്ഞു. കേരളത്തിലും പുറത്തും ചിത്രത്തിന് വെല്ലുവിളിയായി ക്ലാഷ് റിലീസുകളുള്ളത് ആരാധകരില്‍ ചെറിയ ടെന്‍ഷനുണ്ടാക്കിയിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങള്‍ ഓണം റിലീസായി എത്തുന്നുണ്ട്.

കേരളത്തിന് പുറത്ത് ഐ ആം ഗെയിമിന് വെല്ലുവിളിയുയര്‍ത്തുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസ് മാറ്റിയെന്നതാണ് പുതിയ വാര്‍ത്ത. തെലുങ്കില്‍ നാനിയുടെ പാരഡൈസ്, തമിഴില്‍ രജിനിയുടെ ജയിലര്‍ 2 എന്നിവയുടെ റിലീസ് ഐ ആം ഗെയിമിനെ ബാധിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുടെയും റിലീസ് മാറ്റിയിരിക്കുകയാണ്.

റീഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ജയിലര്‍ 2 സെപ്റ്റംബര്‍ റിലീസില്‍ നിന്ന് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന റീഷൂട്ടിനൊടുവില്‍ ഒക്ടോബറിലാകും ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് കരുതുന്നത്. അതേസമയം ഷൂട്ട് പൂര്‍ത്തിയാകാത്തതാണ് പാരഡൈസിന്റെ റിലീസ് വൈകുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന് കരുതിയ ചിത്രമായിരുന്നു പാരഡൈസ്.

ഈ രണ്ട് ചിത്രങ്ങളും റിലീസ് മാറ്റിയതോടെ ദുല്‍ഖറിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തമിഴ്‌നാട്ടിലും ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലും ഐ ആം ഗെയിം വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. എല്ലാം ഒത്തുവന്നാല്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന അടുത്ത ചിത്രമായി ഐ ആം ഗെയിം മാറും.

Content Highlight: Jailer 2 and Paradise movie backed out from clash with I’m Game movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more