രജനികാന്തും നെൽസണും ഒന്നിച്ചെത്തിയ ‘ജയിലർ’ വൻ വിജയമായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ‘ജയിലർ 2’നെക്കുറിച്ച് ഇതിനോടകം തന്നെ നിരവധി അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ആരാധകർ തയ്യാറാക്കിയ ഒരു എ.ഐ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത് .
ആദ്യഭാഗത്തിൽ മോഹൻലാലിന്റെ വേഷത്തിന് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ജിഷാദ് ഷംസുദ്ധീൻ മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു എ.ഐ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
രജനികാന്ത്, Photo: YouTube/ Screengrab
പോസ്റ്റിൽ രജനികാന്ത്, മോഹൻലാൽ, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ എന്നിവർ ഒന്നിച്ചെത്തിയതോടെ ‘ജയിലർ 2’യിൽ വമ്പൻ താരനിര ഉണ്ടാകുമോ എന്ന ചർച്ചകൾ ശക്തമായി. അതേ ആശയത്തെ അടിസ്ഥാനമാക്കി ആരാധകർ ഒരുക്കിയ പുതിയ എ.ഐ പോസ്റ്ററാണ് ഇപ്പോൾ വൈറലാകുന്നത്.
അടുത്തിടെ ഒരു ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ മിഥുൻ ചക്രവർത്തി ‘ജയിലർ 2’വിൽ ഷാരൂഖ് ഖാൻ ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു. അങ്ങനെ സംഭവിച്ചാൽ രജനികാന്തും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’യ്ക്ക് ലഭിക്കും.
മോഹൻലാൽ, Photo: YouTube/ Screengrab
ആദ്യഭാഗത്തിൽ മുത്തുവേൽ പാണ്ഡ്യ എന്ന കഥാപാത്രമായി രജനികാന്ത് കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഒന്നായും ‘ജയിലർ 2’യെ വിലയിരുത്തുന്നു.
ആദ്യഭാഗത്തെ പോലെ തന്നെ അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. അതേസമയം മോഹൻലാലിന്റെ മാത്യു എന്ന ഡോൺ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതാണ് മലയാളി പ്രേക്ഷകർ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന കാര്യം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ ആഗോള ബോക്‌സ് ഓഫീസിൽ 600 കോടിയിലധികം രൂപ നേടിയിരുന്നു. രജനികാന്തിനൊപ്പം രമ്യാ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, സുനിൽ, വസന്ത് രവി, യോഗി ബാബു, മിർണ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയത്. ജൂൺ 12നാണ് ചിത്രത്തിന്റെ റിലീസ് ലക്ഷ്യമിടുന്നത്.
Content Highlight: ‘Jailer 2’ AI poster goes viral again