| Friday, 30th October 2026, 7:17 am

ഞാനവിടെയുണ്ടായിരുന്നു, അത് ലാലേട്ടന്‍ തന്നെയാണ്, എന്നെ കണ്ടതും അദ്ദേഹം തിരിച്ചറിഞ്ഞു; ജയിലര്‍ 2 ആക്ഷന്‍ കൊറിയോഗ്രാഫര്‍ ചേതന്‍ ഡിസൂസ

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാലോകം ആഘോഷമാക്കി കൊണ്ടിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ജയിലര്‍ 2. 2023 ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന് വമ്പന്‍ വരവേല്പായിരുന്നു സൗത്തിലെ സകല ഇന്‍ഡസ്ട്രികളില്‍ നിന്നും ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനും നേടിയ ചിത്രം എണ്ണൂറ് കോടിയ്ക്കടുത്തായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

ചിത്രത്തിന്റെ റിലീസ് മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യു ആയിരുന്നു. ആദ്യഭാഗത്തില്‍ ചെറുതെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കിയ താരത്തിന് രണ്ടാം ഭാഗത്തില്‍ ഒരു മിനിട്ട് മാത്രമായിരുന്നു ജയിലര്‍ 2ല്‍ സ്‌പേസ് ഉണ്ടായിരുന്നത്. ട്രെയ്‌ലറില്‍ കാണിച്ച താരത്തിന്റെ ഭാഗം പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

ജയിലര്‍ 2. Photo: X.com

അഞ്ച് ലുക്ക് ഉണ്ടായിരുന്ന മാത്യുവിന്റെ പല പോര്‍ഷനുകളും എഡിറ്റില്‍ കളഞ്ഞതാണെന്ന് താരത്തിന്റെ പേഴ്‌സണല്‍ സ്റ്റൈലിസ്റ്റ് അഭിപ്രായപ്പെട്ടതോടെ സംവിധായകന്‍ നെല്‍സണിന്റെ കമന്റ് ബോക്‌സിലടക്കം ലാല്‍ ആരാധകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ചും സംസാരിക്കുകയാണ് ജയിലര്‍ 2ന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ചേതന്‍ ഡിസൂസ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളെല്ലാവരും ചിത്രം കണ്ടതല്ലേ, അത് അദ്ദേഹം തന്നെയാണ്. ഞാനവിടെ ഉണ്ടായിരുന്നു ലാല്‍ സാറും അവിടെയുണ്ടായിരുന്നു. സീനിലുള്ളത് ലാല്‍ സാര്‍ അല്ല എന്നുള്ള പോസ്റ്റുകള്‍ ഞാനും കണ്ടിരുന്നു. അത് കണ്ടപ്പോള്‍ കണ്‍ഫ്യൂഷനായി. സാര്‍ അവിടെയുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം മികച്ച സമയമാണ് ഞാന്‍ ചെലവിട്ടത്. ആദ്യം കാണുമ്പോള്‍ സാറിന് എന്നെ അറിയില്ലെന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ അങ്ങോട്ട് ചെന്ന് ആവേശം ചെയ്ത ആളാണെന്ന് പറഞ്ഞപ്പോള്‍ എനിക്കറിയാം എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. ചിത്രത്തിലെ കാറിന്റെ വേഗത്തിലുള്ള രംഗങ്ങളും ഡ്രിഫ്റ്റിങ്ങും എല്ലാം അദ്ദേഹം തന്നെയാണ് ചെയ്തത്. ചില മൂവ്‌മെന്റ്‌സ് എല്ലാം ടെക്‌നോളജിയാണ്. കാരണം അതിന് വേണ്ടി ആരുടെയും ജീവന്‍ പണയം വെക്കാന്‍ പറ്റില്ല. കാലിന്റെ ചില ഷോട്ടുകള്‍ക്ക് വേണ്ടി മറ്റൊരാളെ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഷോട്ടുകള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ സാധിക്കില്ല.

ചേതന്‍ ഡിസൂസ. Photo: Screen Grab/ Cue Studio/ Youtube.com

മറ്റൊന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലെങ്ത് കുറഞ്ഞുപോയത്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അതുപോലെ ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഉണ്ടായിരുന്നു, പക്ഷേ ഫൈനല്‍ കട്ട് വരുമ്പോള്‍ പലരും അതിലില്ല. അത് സംവിധായകന്റെയും നിര്‍മാതാവിന്റെയും തീരുമാനമാണ്. അവരാണ് ഡിസിഷന്‍ മേക്കേഴ്‌സ്,’ ചേതന്‍ പറഞ്ഞു.

Content Highlight: Jailer 2 Action choreographer Chethan D’Souza talks about Mohanlal’s scene un Jailer 2

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more