| Saturday, 17th October 2026, 12:44 pm

ജയിലര്‍ 1 എനിക്ക് നഷ്ടമായ സിനിമയാണ്; ജയിലര്‍ 2 ല്‍ മൂന്ന് കഥാപാത്രങ്ങള്‍ തന്ന് സെലക്ട് ചെയ്‌തോളാന്‍ പറഞ്ഞു: ഹക്കീം ഷാ

ആര്യ

രജനികാന്ത് നായകനായെത്തിയ ജയിലര്‍ 2വില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് മനസുതുറന്ന് നടന്‍ ഹക്കീം ഷാ. ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ക്കായി തന്നെ പരിഗണിച്ചിരുന്നുവെന്നും ലുക്ക് ടെസ്റ്റുകള്‍ക്കും ഓഡിഷനുകള്‍ക്കും ശേഷമാണ് ഷര്‍വ കല്‍പക് എന്ന കഥാപാത്രത്തിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. ആദ്യ ഭാഗമായ ജയിലര്‍ 1 കണ്ടപ്പോള്‍ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ നിരാശ തോന്നിയിരുന്നുവെന്നും ഹക്കീം ഷാ വെളിപ്പെടുത്തി.

ജയിലര്‍ ആദ്യ ഭാഗത്തിലേക്കും തന്നെ വിളിച്ചിരുന്നുവെന്ന് ഹക്കീം ഷാ പറയുന്നു. അന്ന് ഒരു കഥാപാത്രത്തിനായി തന്റെ ലുക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഫോളോ അപ്പ് ഉണ്ടായില്ല. ആ സമയത്ത് കഥയിതുവരെ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താനെന്നും ഹക്കീം പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കുമളിയില്‍വെച്ചാണ് ജയിലര്‍ 1 കണ്ടത്. ഏത് കഥാപാത്രത്തിലേക്കാണ് തന്നെ പരിഗണിച്ചിരുന്നതെന്ന് അപ്പോഴും അറിയില്ലായിരുന്നു. സിനിമ കണ്ടതോടെ വലിയ ആവേശം തോന്നി. എന്നാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ നിരാശയും തോന്നി.

‘പടം കണ്ട് ഞാന്‍ ഭയങ്കരമായിട്ട് എക്‌സൈറ്റഡായി. കുമളിയിലായിരുന്നു പടം കണ്ടത്. തിയേറ്റര്‍ പൂരമ്പറമ്പാവുന്നത് വിറ്റ്‌നസ് ചെയ്തു. ഇതിലൊരു പാര്‍ട്ടാവാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചു,’ ഹക്കീം ഷാ പറഞ്ഞു.

ജയിലര്‍ 2വിലേക്ക് വിളി വന്നപ്പോഴും ആദ്യ ഭാഗത്തിലേതുപോലെ തന്നെയായിരിക്കുമെന്നാണ് കരുതിയതെന്ന് താരം പറയുന്നു. എന്നാല്‍ ഇത്തവണ ലുക്ക് ടെസ്റ്റിനായി വിളിച്ചു. വിവിധ കഥാപാത്രങ്ങള്‍ക്കായി പരീക്ഷണങ്ങള്‍ നടത്തിയശേഷം മൂന്ന് ഓപ്ഷനുകള്‍ മുന്നിലെത്തി.

‘എനിക്ക് ഒരു മൂന്ന് ഓപ്ഷന്‍ തന്നു. മൂന്ന് ക്യാരക്ടറില്‍ ഏത് വേണമെങ്കിലും ചൂസ് ചെയ്യാമെന്ന് പറഞ്ഞു. അത് ഭയങ്കര പ്രിവിലേജായിട്ടാണ് കാണുന്നത്. ആദ്യം മറ്റൊരു കഥാപാത്രമായിരുന്നു താരം തെരഞ്ഞെടുത്തത്. ആ കഥാപാത്രം തനിക്ക് ചേരുമോ എന്ന് പരിശോധിക്കാന്‍ ലുക്ക് ടെസ്റ്റും ഓഡിഷനും നടത്തി. എന്നാല്‍ അത് വര്‍ക്ക് ആയില്ല. ഒടുവില്‍ മൂന്നാമത്തെ ഓപ്ഷനായ ഷര്‍വ കല്‍പക് എന്ന കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു. എന്തായാലും അതില്‍ ഭാഗമാകുക എന്നത് തന്നെ വലിയ കാര്യമാണ്. ഷര്‍വ കല്‍പക് എന്ന് പറയുന്ന ക്യാരക്ടറിന്റെ ലുക്ക് ഒറ്റ സ്‌ട്രെച്ചില്‍ തന്നെ കിട്ടിയിരുന്നു,” താരം വ്യക്തമാക്കി.

മറ്റ് രണ്ടുമൂന്ന് കഥാപാത്രങ്ങള്‍ക്കായി പരീക്ഷിച്ച ലുക്കുകളുടെ ചിത്രങ്ങളും താന്‍ പങ്കുവെച്ചിരുന്നുവെന്നും ലുക്ക് ടെസ്റ്റ് ഓഡിഷന്‍ പ്രോസസുകള്‍ക്കായി രണ്ടുമൂന്ന് മാസമെടുത്തുവെന്നും ഹക്കീം ഷാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ലുക്ക് ടെസ്റ്റ് നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത് ഏകദേശം ഒന്നര മാസം മുമ്പാണെന്നും താരം വ്യക്തമാക്കി. റീഷൂട്ടുകളും ചെറിയ പാച്ച് വര്‍ക്കുകളും ഉള്‍പ്പെടെ ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളുണ്ടായിരുന്നു.

ചിത്രത്തിന്റെ വമ്പന്‍ തിയേറ്റര്‍ പ്രതികരണത്തിലും ഹക്കീം ഷാ സന്തോഷം പ്രകടിപ്പിച്ചു. തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന തരത്തിലാണ് പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തിരിക്കുന്നതെന്നും താരം പറഞ്ഞു.’പടം തിയേറ്റര്‍ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. തിയേറ്റര്‍ ഇങ്ങനെ കത്തുന്ന പടങ്ങള്‍ നമ്മള്‍ ഇങ്ങനെ ഒരുപാട് കണ്ടിട്ടില്ല,’ ഹക്കീം ഷാ കൂട്ടിച്ചേര്‍ത്തു.

Content Highlight: Jailer 1 Was a Film I Missed Out On; I Was Given Three Characters to Choose From in Jailer 2”: Hakkim Shah

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more