ജയ്പൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ രാജിയില്‍ സംശയം പ്രകടിപ്പിച്ച് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ധന്‍ഖറിന്റെ രാജി സംശയാസ്പദമാണെന്നും വലിയൊരു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാകാമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ധന്‍ഖറിന്റെ രാജിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം.
‘ധന്‍ഖറിന്റെ രാജിക്ക് പിന്നിലെ വ്യക്തമായ കാരണം രണ്ട് പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും. കാലം സത്യം പുറത്തുകൊണ്ടുവരും,’ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ധന്‍ഖറിന്റെ രാജി പെട്ടെന്നുള്ളതാണെന്നും അസാധാരണമാണെന്നും ഗെഹ്‌ലോട്ട് പ്രതികരിച്ചു.
പ്രതിസന്ധിയില്‍ തുടരുന്ന രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപ്പെട്ടതാണ് ധന്‍ഖറിന്റെ രാജിക്ക് കാരണമായിരിക്കുന്നതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനകത്ത് തുടര്‍ച്ചയായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ധന്‍ഖര്‍ ശ്രമിച്ചിരുന്നു. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ പോലും ധന്‍ഖര്‍ സംസാരിച്ചിട്ടുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ധന്‍ഖറിന്റെ രാജിക്ക് രാഷ്ട്രീയ നീക്കവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഗെഹ്‌ലോട്ട്, ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഭവവികാസത്തിന് തയ്യാറെടുക്കുകയാണോയെന്നും ചോദിച്ചു.
കൂടാതെ ധന്‍ഖറിന് ഔദ്യോഗികമായി വിടവാങ്ങല്‍ നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളില്‍ ഗെഹ്‌ലോട്ട് ഞെട്ടലും പ്രകടിപ്പിച്ചു. ഇങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ അത് ദുഃഖകരമാണെന്നും ഇത്തരം നടപടികള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ജോധ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച്, ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും സമ്മര്‍ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നതായും ഗെഹ്‌ലോട്ട് ഓര്‍മിപ്പിച്ചു. എന്നാല്‍ ഗെഹ്‌ലോട്ടിന്റെ വാദം ജയ്പൂരിലെത്തിയ ധന്‍ഖര്‍ നിഷേധിച്ചിരുന്നു.
ഇന്നലെ (തിങ്കള്‍)യാണ് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗദീപ് ധന്‍ഖര്‍ രാജിവെച്ചെന്ന വിവരം പുറത്തുവരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറുകയായിരുന്നു. ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നായിരുന്നു ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം അടിയന്തരമായി പ്രാവര്‍ത്തികമാകുന്ന തരത്തിലാണ് രാജി. പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും മന്ത്രിമാരേയും പാര്‍ലമെന്റ് അംഗങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Content Highlight: Modi and Shah know the reason behind Dhankhar’s resignation: Gehlot