| Sunday, 17th May 2026, 1:30 pm

കാട്ടാളനിൽ പ്രായത്തിന്റെ പരിഗണന പോലും തന്നില്ല, തായ്‌ലൻഡിലെ ആനയെ കൊണ്ട് ഓടിച്ചു: ജഗദീഷ്

കെ.എസ് ഷാബിന

ആനക്കൊമ്പ് കള്ളക്കടത്തിന്റെയും കാടിന്റെ വന്യതയുടെയും കഥ പറയുന്ന ഏറ്റവും പുതിയ മലയാളം ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഇതിനകം തന്നെ സിനിമാലോകത്ത് വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മെയ് 28ന് ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് നടൻ ജഗദീഷ് അവതരിപ്പിക്കുന്നത്. പ്രായത്തിന്റെ പരിമിതികൾ മറന്ന് കഠിനമായ ശാരീരിക അധ്വാനം ആവശ്യപ്പെട്ട ആക്ഷൻ രംഗങ്ങളിലാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കഠിനമായ ഷൂട്ടിങ് അനുഭവങ്ങൾ ജഗദീഷ് പങ്കുവെക്കുന്നു. തായ്‌ലാന്റിലെ ആനയെ വെച്ച് ഒരു ദിവസം മുഴുവൻ ഓടിച്ചു എന്നും പ്രായത്തിന്റേതായ ഒരു പരിഗണനയും സംവിധായകൻ നൽകിയില്ലെന്നും മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറയുന്നു.

കാട്ടാളൻ.Photo:Mathrubhumi

ഏതു ആക്ഷന് പിന്നിലും ശക്തമായ ഇമോഷൻസ് ഉണ്ടെങ്കിൽ മാത്രമേ പ്രേക്ഷർക്ക് അത് വർക്ക് ആവുകയുള്ളൂ. ഇന്റർവെല്ലിന് ശേഷം സിനിമയിൽ മുഴുവൻ ആക്ഷൻ സീക്വൻസുകളാണ് ഉള്ളതെന്നും, ഈ സിനിമയ്ക്ക് വേണ്ടി നല്ലരീതിയിൽ ശാരീരിക അധ്വാനം വേണ്ടി വന്നിട്ടുണ്ട് എന്നും ജഗദീഷ് പറയുന്നു. ‘എ.ആർ.എം’ എന്ന ചിത്രത്തിൽ ടോവിനോ തോമസ് ചെയ്യുന്നതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യണം എന്ന് വലിയ നിർബന്ധമുണ്ടായിരുന്നു എന്നും ടോവിനോ ബേക്കൽ കോട്ട ചാടിക്കടക്കുമ്പോൾ അതിന്റെ അതേ സ്പീഡിലല്ലെങ്കിലും ടോവിനോയുടെ ഒപ്പം പിടിക്കണം എന്നുണ്ടായിരുന്നു,അത് സാധിക്കുകയും ചെയ്തു എന്ന്നും അദ്ദേഹം പറയുന്നു.

‘കാട്ടാളനിൽ പെപ്പെ ആനയുടെ മുന്നിലൂടെ ഓടുന്ന രംഗങ്ങളുണ്ട്. അപ്പോൾ പെപ്പെയുടെ അത്രയും വേഗതയില്ലെങ്കിലും ആനയ്ക്ക് മുന്നിൽ പെപ്പെയോടൊപ്പം ഞാനും ഓടുന്നുണ്ട്. അതിലൊന്നും പ്രായത്തിന്റെ യാതൊരു പരിഗണനയും സംവിധായകൻ തന്നില്ല. തായ്‌ലൻഡിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. അവിടുത്തെ ആനയെ വെച്ച് ഒരു ദിവസം മുഴുവൻ എന്നെ ഓടിച്ചു! ഷോട്ട് കഴിഞ്ഞാൽ എല്ലാവരും ഓടിവന്ന് ‘ചേട്ടാ ഓക്കേ അല്ലേ’ എന്ന് ചോദിക്കും. ആ സമയത്ത് മാത്രമേ പ്രായത്തിന്റെ പരിഗണന തരൂ. അടുത്ത ഷോട്ട് റെഡിയാകുമ്പോൾ പറയും ‘ചേട്ടാ വൺ മോർ ടേക്’ എന്ന്! ഇതിൽ അനാവശ്യമായ ചോരക്കളിയോ വയലൻസോ ഇല്ല, മറിച്ച് മികച്ച ആക്ഷനാണുള്ളത്. കാട്ടാളൻ കുടുംബപ്രേക്ഷകരും കുട്ടികളും തിയേറ്ററിൽ വന്ന് കാണണം എന്ന് എനിക്ക് നിർബന്ധമുണ്ട്. കുട്ടികൾക്കിത് വലിയൊരു എന്റർടൈൻമെന്റ് ആയിരിക്കും.’ ജഗദീഷ് പറഞ്ഞൂ.

കാട്ടാളൻ.Photo:Kerala TV

ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ചിത്രത്തിലെ പോസ്റ്ററുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വി.എഫ്.എക്സ് സഹായമില്ലാതെ യഥാർത്ഥ ആനകളെ ഉപയോഗിച്ചാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഓങ്-ബാക്’ലൂടെ ശ്രദ്ധേയനായ ‘പോംഗ്’ എന്ന ആനയും ഈ ചിത്രത്തിന്റെ ഭാഗമാണ്.

‘ബാഹുബലി-2’, ‘ജവാൻ’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പാൻ-ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കൊപ്പം സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി വലിയൊരു യുവതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളും വികാരനിർഭരമായ കഥയും കോർത്തിണക്കിയ ‘കാട്ടാളൻ’ ഇതിനകം തന്നെ വലിയ തരംഗമായിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അണിയറപ്രവർത്തനവും മുൻനിര താരങ്ങളുടെ സാന്നിധ്യം കൊണ്ടും. കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ ദൃശ്യവിസ്മയത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

Content Highlight: Jagatheesh talks about kattalan malayalam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more