| Saturday, 2nd August 2025, 9:52 am

സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തുചെയ്യണം? ശ്രീനിയുടെ മറുപടി ഇന്നും ഓര്‍ക്കുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ക്ക് ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമ ഇന്‍ഡസ്ട്രിയുടെ വരെ ഭാഗമാകാന്‍ സാധിച്ച ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് മധു. ഇപ്പോള്‍ നടന്‍ ജഗദീഷിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ജീവിതം എന്താണെന്ന് പറയുകയാണ് അദ്ദേഹം.

തനിക്ക് ജീവിതം എന്താണെന്ന് ചോദിച്ചാല്‍, അതില്‍ പറയാന്‍ എന്തിരിക്കുന്നു എന്നാണ് മധു ചോദിക്കുന്നത്. അത് അനുഭവിക്കുക എന്നത് മാത്രമാണ് കാര്യമെന്ന് പറയുന്ന നടന്‍ ജീവിത യാത്രയെ കുറിച്ചും സംസാരിക്കുന്നു.

ജീവിത യാത്രയുടെ റോഡില്‍ കോണ്‍ക്രീറ്റൊന്നുമില്ലെന്നും ആരും ആ പാത വെട്ടിമിനുക്കിയിട്ടില്ലെന്നും മധു പറഞ്ഞു. എങ്കിലും ചിലതൊക്കെ ആരെങ്കിലും വെട്ടിത്തരുമെന്നും ബാക്കിയുള്ളത് നമ്മള്‍ തന്നെ വെട്ടി നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മറുപടി കേട്ടതും ജഗദീഷ് മുമ്പൊരിക്കല്‍ ശ്രീനിവാസന്‍ തനിക്ക് നല്‍കിയ മറുപടിയെ കുറിച്ചാണ് ഓര്‍ത്തത്. വെള്ളിത്തിര കെ.ഇ.പി.എ എന്ന യൂട്യൂബ് ചാനലില്‍ പരസ്പരം സംസാരിക്കുകയായിരുന്നു ഇരുവരും.

‘ഏകദേശം ഇതേ രീതിയിലുള്ള മറുപടി എനിക്ക് ശ്രീനിവാസന്‍ നല്‍കിയിരുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ സമയത്തായിരുന്നു അത്. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ശ്രീനിയോട് ഒരു ചോദ്യം ചോദിച്ചു.

‘ശ്രീനി, ഞാന്‍ താരതമ്യേന ഒരു തുടക്കക്കാരനാണ്. എന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. നമ്മള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ എന്ത് ചെയ്യണം?’ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അന്ന് ശ്രീനി തന്ന മറുപടി എനിക്ക് ഇന്നും ഓര്‍മയുണ്ട്.

‘നീ നിന്റേതായിട്ടുള്ള വഴി കണ്ടെത്തുക’ എന്നതായിരുന്നു ശ്രീനിയുടെ മറുപടി. അന്ന് ശ്രീനി പറഞ്ഞതും ഇന്ന് സാറ് പറഞ്ഞതും തമ്മില്‍ സാമ്യമുള്ളതായി എനിക്ക് തോന്നുന്നുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Sreenivasan’s Reply

We use cookies to give you the best possible experience. Learn more