ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഏറ്റവും പുതിയ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. മെയ് 28-ന് ഈദ് റിലീസായി എത്തുന്ന ഈ ചിത്രത്തിലെ തന്റെ കഠിനമായ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രിയ താരം ജഗദീഷ്. ചിത്രത്തിലെ അപകടം നിറഞ്ഞ ആക്ഷൻ രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
ചിത്രത്തിൽ അലി എന്ന ഒരു കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്. പ്രായത്തിന്റെ പരിമിതികൾ മറന്ന്, കഠിനമായ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന ആക്ഷൻ രംഗങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
കാട്ടാളൻ.Photo: Imdb
‘കാട്ടാളനിൽ പെപ്പെ ആനയുടെ മുന്നിലൂടെ ഓടുന്ന രംഗങ്ങളുണ്ട്. ആനയ്ക്ക് മുന്നിൽ പെപ്പെയോടൊപ്പം ഞാനും ഓടുന്നുണ്ട്. അതിലൊന്നും പ്രായത്തിന്റെ യാതൊരു പരിഗണനയും സംവിധായകൻ തന്നില്ല. മരത്തിന്റെ മുകളിൽ നിരവധി തവണ കയറേണ്ടി വന്നു. കൊടും മഞ്ഞുള്ള തണുപ്പത്ത് ആയിരുന്നു ഷൂട്ടിങ്. ഒരു ഷർട്ട് മാത്രം ഇട്ടു കൊണ്ടാണ് മുഴുവൻ സീനിലും അഭിനയിച്ചത്. തായ്‌ലാൻഡിൽ ആയിരുന്നു ചിത്രീകരണം മുഴുവനും. അവിടുത്തെ ആനയെ വെച്ച് ഒരു ദിവസം മുഴുവൻ എന്നെ ഓടിച്ചു. മികച്ച ഇമോഷൻസുള്ള നല്ലൊരു ആക്ഷൻ ചിത്രമാണിത്.” – ജഗദീഷ് പറഞ്ഞു.
ആനക്കൊമ്പ് കള്ളക്കടത്തിന്റെയും കാടിന്റെ വന്യതയുടെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത, വി.എഫ്.എക്സ് (VFX) സഹായമില്ലാതെ യഥാർത്ഥ ആനകളെ ഉപയോഗിച്ചാണ് സംഘട്ടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഓങ്-ബാക്’-ലൂടെ ശ്രദ്ധേയനായ ‘പോംഗ്’ എന്ന ആനയും ചിത്രത്തിലുണ്ട്.
കാട്ടാളൻ.Photo: Imdb
ബാഹുബലി-2′, ‘ജവാൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുനിൽ, സിദ്ധിഖ്, കബീർ ദുഹാൻ സിങ് തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഹോളിവുഡ് നിലവാരത്തിലുള്ള ഒരു ചിത്രമായിരിക്കും ‘കാട്ടാളൻ’ എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Content Highlight: Jagadish talks about kattalan movie