പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിനിമയിലെത്തി ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയില്‍ സജീവമായ വ്യക്തിയാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും പിന്നീട് സ്ഥലത്തെ പ്രധാന പയ്യന്‍സിലൂടെ നായകപരിവേഷത്തിലേക്കും തന്റെ ഗ്രാഫ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയില്‍ കൊടൂര വില്ലനായെത്തിയ ജഗദീഷ് തനിക്ക് എല്ലാ റോളുകളും ചേരുമെന്നും തെളിയിച്ചു.
ജഗദീഷ്. Photo: Reddit
പ്രായം എഴുപത് പിന്നിട്ടെങ്കിലും ആവേശോജ്ജ്വലമായ പ്രകടനമാണ് താരം കാഴ്ചവെക്കാറുള്ളത്. ഈ വര്‍ഷം പുറത്തിറങ്ങിയ ആന്റണി വര്‍ഗീസ് നായകനായ കാട്ടാളന്‍ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അലി എന്ന കഥാപാത്രം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ മസ്തിഷ്‌ക മരണം, ഭരതനാട്യം 2 മോഹിനിയാട്ടം, മധുവിധു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇപ്പോഴിതാ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം, മലയാളികളുടെ ഇഷ്ടജോഡിയായ ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്ന റൂം നമ്പര്‍ 9 തുടങ്ങി ഒട്ടനവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
‘ഞാനഭിനയിക്കുന്ന മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി ഇപ്പോള്‍ അതിന്റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. അതിമനോഹരം എന്നാണ് അതിന്റെ ടൈറ്റില്‍. നവാഗത സംവിധായകനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ആ ചിത്രത്തിന്റെ പേര് ഹെയില്‍ മേരി എന്നാണ്. നിവിന്‍ പോളി-നയന്‍താര ചിത്രം ഡിയര്‍ സ്റ്റുഡന്റ്‌സിലെ അഭിനയം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ജഗദീഷ്. Photo: X.com
നിവിന്‍ പോളിയുടെ റോം-കോം എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മുകേഷ്-സിദ്ദിഖ്-ജഗദീഷ്-അശോകന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പാതിരാക്കുറുക്കവന്‍ എന്ന ചിത്രം ഒരുങ്ങുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഉര്‍വശിയും പ്രധാനവേഷത്തിലെത്തുന്ന റൂം നമ്പര്‍ 9 എന്ന് പറയുന്ന ചിത്രമുണ്ട്. അത് അടുത്ത മാസം റിലീസാവും. അങ്ങനെ ഈശ്വരാനുഗ്രഹത്താല്‍ നല്ല പ്രൊജക്ട്‌സ് വരാനിരിക്കുന്നുണ്ട്,’ ജഗദീഷ് പറഞ്ഞു.
Content Highlights: Jagadish talks about his upcoming movies