| Tuesday, 12th August 2025, 9:37 am

അമ്പിളി ചേട്ടനോട് അക്കാര്യം ചെയ്തതോടെ എനിക്ക് ജാള്യം തോന്നി: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ സീനിയർ നടൻമാരിൽ ഒരാളാണ് ജഗദീഷ്. ഇപ്പോൾ നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘മോഹൻലാലും ജഗതിച്ചേട്ടനും രേവതിയും മത്സരിച്ച് അഭിനയിച്ച കിലുക്കത്തിൽ എനിക്കും ശ്രദ്ധേയമായൊരു കഥാപാത്രമുണ്ടായിരുന്നു. ജഗതിച്ചേട്ടന്റെ നിശ്ചൽ എന്ന ഫോട്ടോഗ്രാഫറോട് മത്സരിക്കുന്ന മറ്റൊരു ഫോട്ടോഗ്രാഫർ. ഷൂട്ടിങ് കഴിഞ്ഞ് ചിത്രത്തിന്റെ ദൈർഘ്യം കൂടിപ്പോയപ്പോൾ ഒടുവിൽ എൻ്റെ സീനുകൾ വെട്ടിപ്പോയി,’ ജഗദീഷ് പറയുന്നു.

20 ദിവസം ഊട്ടിയിലാണ് തൻ്റെ സീനുകൾ ചിത്രീകരിച്ചതെന്നും അതിൻ്റെ ചിത്രീകരണസമയത്തുണ്ടായ ഒരു സംഭവം തനിക്ക് ഓർമയുണ്ടെന്നും ജദഗദീഷ് പറയുന്നു. തൻ്റെ ഷൂട്ടിങ് തീരുന്ന ദിവസമായിരുന്നു ജഗതിയുടെ സീൻ തീർന്നതെന്നും രാവിലെ 10 മണിയോടെ അദ്ദേഹത്തിൻ്റെ സീൻ പൂർത്തിയായെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ജഗദീഷിന് എപ്പോൾ ഷൂട്ടിങ് തീരുമെന്ന് ജഗതി പ്രിയദർശനോട് ചോദിച്ചുവെന്നും വൈകുന്നേരം ആകുമെന്നാണ് പ്രിയദർശൻ മറുപടി പറഞ്ഞതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

തനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് ജഗതി പറഞ്ഞെന്നും അതുകേട്ടപ്പോൾ തനിക്കും സന്തോഷമായെന്നും ജഗദീഷ് പറഞ്ഞു.

‘രാത്രി 8.30-ന് ഷൂട്ടിങ് കഴിഞ്ഞു. രാത്രി വഴിയിൽ നിർത്തി സമയം കളയേണ്ട നമുക്കിവിടെ നിന്ന് ആഹാരം കഴിച്ചുപോകാം’ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ രണ്ടുപേരും സെറ്റിൽനിന്ന് ആഹാരം കഴിച്ചു. ‘നമുക്ക് കമ്പനിയായി ജോളിയായി പോകാം’ എന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പ്രോത്സാഹിപ്പിച്ചു. ഊട്ടിയിൽ നിന്ന് കാറിൽ കയറി. സമയം രാത്രി 10 മണി ആയിട്ടുണ്ടാകും.

വണ്ടി ചുരമിറങ്ങാൻ തുടങ്ങിയതോടെ എനിക്ക് നല്ല ഉറക്കം വന്നു. ഞാൻ അറിയാതെ ഉറങ്ങിപ്പോയി. പിന്നെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ വണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഞാൻ ഞെട്ടിപ്പോയി. കാറിന്റെ ഡോർ തുറന്നുതന്ന് ജഗതിച്ചേട്ടൻ എന്നോട് പറഞ്ഞു.

‘അനിയാ കമ്പനി തന്നതിന് വളരെ നന്ദി’ എന്ന്. എനിക്കുവേണ്ടി ഒരുദിവസം മുഴുവൻ കാത്തിരുന്നിട്ടും അദ്ദേഹത്തിന് യാത്രയിൽ കമ്പനി കൊടുക്കാതെ ഉറങ്ങിപ്പോയതിൽ എനിക്ക് ജാള്യം തോന്നി,’ ജഗദീഷ് കൂട്ടിച്ചേർത്തു.

എന്നാൽ അതൊന്നും സാരമില്ലെന്നും നന്നായി ഉറങ്ങിയല്ലോ എന്നുമാണ് അദ്ദേഹം തന്നോട് തിരിച്ചുപറഞ്ഞതെന്നും ജഗദീഷ് പറയുന്നു.

Content Highlight: Jagadish talking about Jagathy Sreekumar

We use cookies to give you the best possible experience. Learn more