നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. നടന്റെ തുടക്കകാലത്ത് മലയാളി പ്രേക്ഷകരെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം ഇപ്പോൾ തിളങ്ങി നിൽക്കുന്നത് സ്വഭാവ നടന്മാരുടെ ഗണത്തിലാണ്. നടനായും സഹനടനായും ഹാസ്യനടനായും കരിയറാരംഭിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കഥാപാത്രങ്ങൾ വ്യത്യസ്തത നിറഞ്ഞവയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അദ്ദേഹം തൊണ്ണൂറുകളിൽ ജനപ്രിയ നടനായി മാറുകയായിരുന്നു.
കാലഘട്ടം നോക്കാതെ ഹ്യൂമറിന് സാധ്യതയുള്ളിടത്ത് ഹ്യൂമറസ് ആയിട്ട് പെർഫോം ചെയ്യണമെന്നും അതിനകത്ത് കാലത്തിന്റെതായ മാറ്റങ്ങൾ അഭിനയത്തിലുണ്ടാവുമെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവരുടെ പ്രായത്തെ കൂടെ പരിഗണിക്കണമെന്നും പറയുകയാണ് ജഗദീഷ്. എസ്.എ.സി.മൂവി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘നമ്മുടെ പ്രായത്തിന്റെതായിട്ടുള്ള മാറ്റവും കഥാപാത്രങ്ങളുടെ പ്രായവും കൂടെ നോക്കണം. ഇന്ന് ഞാൻ അപ്പുക്കുട്ടൻ അവതരിപ്പിക്കുമ്പോൾ അപ്പുക്കുട്ടന്റെ പ്രായം കൂടെ കണക്കിലെടുക്കണം. ഇല്ലെങ്കിൽ ബോബനും മോളിക്കും എല്ലാ കാലത്തും ഒരേ പ്രായമാണെന്ന് പറയുന്ന പോലെ അത് പ്രേക്ഷകർ അക്സപ്റ്റ് ചെയ്യില്ല. കാരണം കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരുടെ പ്രായം കൂടിയ കാര്യം ആൾക്കാരുടെ മനസ്സിലുണ്ടാവും.
മാർക്കോയിലെ രംഗം.Photos.Screen Grab/Youtube.com
നമ്മളിപ്പോ നാല് പേരും കൂടെ ഒരു പെൺകുട്ടിയെ പ്രേമിക്കാൻ നടന്നാൽ അതിന് കുറച്ചുകൂടെ ലോജിക്ക് കൊണ്ടുവരണം. അന്നത്തെ കാലത്ത് അത് വേണ്ടായിരുന്നു. കാരണം ഞങ്ങൾ പൂവാലന്മാരാണ്, ഞങ്ങളുടെ പ്രായം അന്നതാണ്. ഇന്നത് കൊണ്ടുവരുമ്പോൾ ചെറിയ പ്രായത്തിലുള്ള പെൺകുട്ടിയായിട്ട് നടന്നു കഴിഞ്ഞാൽ ഇവരെന്താണ് കാണിക്കുന്നതെന്നാവും പറയുക.’ ജഗദീഷ് പറഞ്ഞു.
പ്രായത്തിനനുസരിച്ച് അഭിനയത്തിൽ കുറച്ചൊക്കെ ഒരു കൺട്രോൾ വേണമെന്നും താരം വ്യക്തമാക്കി. കാലഘട്ടം നോക്കാതെ കഥാപാത്രത്തിൽ ഹ്യൂമർ കൊണ്ട് വരാൻ താൻ നോക്കിയിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. സംവിധായകൻ റീടേക്ക് പറഞ്ഞാൽ താനതൊരു ചലഞ്ചായ് കാണുമെന്നും തനിക്കതിൽ ഈഗോ തോന്നാറില്ലെന്നും ജഗദീഷ് പറഞ്ഞു.
അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് കൂടിയാണ് ജഗദീഷ്. അധിപൻ, മുത്താരംകുന്ന് പി.ഒ, ഏപ്രിൽ ഫൂൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സിനിമകൾ അവയിൽ ചിലതാണ്. ഈ അടുത്ത കാലത്തായിട്ടാണ് നടന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ മാറ്റങ്ങൾ വന്നത്.
റോഷാക്ക്, മോഹിനിയാട്ടം, ഫാലിമി, മാർക്കോ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ വേറിട്ടതും വ്യത്യസ്തവുമായിരുന്നു.
Content Highlight: Jagadish stated that they also needed to consider the age of the characters, adding that when playing Appukuttan today, Appukuttan’s age must also be taken into account.