മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ്. അഭിനയത്തിന് പുറമെ സിനിമയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ജഗദീഷ്. ബിഗ് സ്‌ക്രീനിലെന്നത് പോലെ ടെലിവിഷനിലും സജീവമാണ് താരം.
വിധി കർത്താവായും അവതാരകനായുമെല്ലാം അദ്ദേഹം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. 1984 നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തൻ വഴി അഭിനയത്തിലേക്ക് കാലെടുത്തു വെച്ച താരം, ഇന്ന് മലയാള സിനിമയുടെ നിറ സാന്നിധ്യമാണ്.
ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന ഒരു ആക്ഷൻ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
ജഗദീഷ്, Photo: YouTube/Screengrab
ചിത്രത്തിൽ തനിക്ക് ഒട്ടുപാട് ആക്‌ഷൻ രംഗങ്ങളുണ്ടെന്നും, താനത് ചെയ്യുമ്പോൾ ഹീറോയ്ക്കും ഫൈറ്റ് മാസ്റ്റർക്കും വളരെ ടെൻഷൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അഭിനയിച്ചു. സിനിമയുടെ പേര് ഞാനിപ്പോൾ റിവീൽ ചെയ്യുന്നില്ല. ആ ചിത്രത്തിൽ എനിക്ക് കുറച്ച് സാഹസികമായ രംഗങ്ങൾ ഉണ്ട്.
അതിൽ ഓരോ ഷോട്ട് കഴിയുമ്പോഴും ഇതിലെ ഹീറോയും ബാക്കിയുള്ള ഫൈറ്റ് മാസ്റ്റേഴ്സും വന്നിട്ട് ‘ഒക്കെയല്ലേ സാർ?’ എന്ന് ചോദിക്കും. കാരണം, എന്റെ ഈ പ്രായത്തിൽ ഞാനിത് ചെയ്യുമോ എന്നാണ് അവർക്ക് സംശയം.
ഓരോ ഷോട്ട് കഴിയുമ്പോഴും എനിക്ക് തന്നെ വല്ലാതെ തോന്നി. വേറെ ആരുടെ അടുത്തും ചോദിക്കുന്നില്ല. എന്റെ അടുത്ത് വന്ന് ‘ഒക്കെയല്ലേ, ഒക്കെയല്ലേ’ എന്ന് ചോദിക്കുകയാണ്.
ജഗദീഷ്, Photo: X.com
ഞാൻ ഭയങ്കര ആക്ഷൻ രംഗങ്ങൾ ഒന്നുമല്ല ചെയ്തിരിക്കുന്നത് ഒരു നോർമൽ ആക്ഷൻ രംഗങ്ങളാണത്. അതൊരു ആക്ഷൻ മൂവിയാണ്. ആ ആക്‌ഷൻ മൂവിയിൽ ഹീറോ വന്ന് ‘ഒക്കെയല്ലേ?’ എന്ന് ചോദിക്കും. പിന്നെ ഞാൻ അങ്ങോട്ട് ഓരോ രംഗം കഴിയുമ്പോഴും ‘ഒക്കേ ആണ്’ എന്ന് പറയും,’ ജഗദീഷ് പറഞ്ഞു.
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘പാതിരാക്കുറുക്കൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ.
ജഗദീഷ്, Photo: X.com
അപ്പായ് സിനിമാസ് ബാനറിൽ സിജോ ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട നാല് പേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും, തുടർന്ന് അവരുടെ അതിജീവനത്തിന്റെ കഥയുമാണ് ‘പാതിരാക്കുറുക്കൻ’ ദൃശ്യവൽക്കരിക്കുന്നത്.
Content Highlight: Jagadish says that while he was doing the fight scene, there was tension between the hero and the fight master.