നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രം ഹെയ്ൽ മേരിയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട്, ജഗദീഷ് തുടങ്ങിയവർ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും സിനിമ പേജുകളിലെയും പ്രധാന ചർച്ച. മിസ്റ്ററി- ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രം പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചാക്കോച്ചന് ഒരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണെന്നും ഹൃദയമുള്ളവർക്കൊക്കെ സിനിമ കണ്ടാൽ കണ്ണ് നിറയുമെന്നുമാണ് ജഗദീഷ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിൽ നിസാം റാവുത്തർ എന്ന കഥാപാത്രമായാണ് ജഗദീഷ് വേഷമിട്ടിരിക്കുന്നത്. കുറച്ച് സീനേ തനിക്കുള്ളൂവെങ്കിലും അത് ഭംഗിയായി താൻ ചെയ്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് താരം പറഞ്ഞു.
‘സിനിമ കണ്ടാൽ കണ്ണ് നിറയും. അതുറപ്പാണ്, ഹൃദയമുള്ളവർക്കൊക്കെ കണ്ണ് നിറയും. ചാക്കോച്ചന്റെ നേതൃത്വത്തിൽ സുരാജ് കലക്കിയിട്ടുണ്ട്. എനിക്കും അത്യാവശ്യമൊക്കെ ചെയ്യാൻ പറ്റി. സാധാരണ എല്ലാവരും ചോദിക്കാറുണ്ട് ഇത് ഫീൽ ഗുഡ് ഫിലിമാണോയെന്ന്, ഞാൻ പറയും ഇത് ഫീൽഗുഡ് മാത്രമല്ല ഫീൽ സസ്പെൻസും ഫീൽ ത്രില്ലറും ഫീൽ ഇമോഷണൽ അങ്ങനെ എല്ലാ വികാരങ്ങളും ഈ സിനിമയിലുണ്ട്.
ഹെയ്ൽ മേരി. Photo. Screen Grab/BookMyShow.com
നമ്മളൊരു സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ എല്ലാ വികാരങ്ങളും കിട്ടുക എന്ന് പറയുന്നത് എപ്പോഴും നടക്കില്ല, നിങ്ങൾക്ക് പടം കാണുമ്പോൾ മനസിലാവുമത്. ഈ സിനിമ നിങ്ങൾക്ക് ഒരു ത്രില്ലോടും സസ്പെൻസോഡും കൂടി കണ്ടുകൊണ്ടിരിക്കാൻ പറ്റും. ലാസ്റ്റ് മിനുട്ട് വരെ നമ്മളെ ബൈന്റ് ചെയ്യുന്നത് ഒരു കഥാതന്തുവാണ്. പുതിയ സംവിധായകനാണ് വിഷ്ണു രവികുമാർ. ഗ്രീൻ റൂം ടീമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അവരോടും പ്രേക്ഷകരോടും ഞങ്ങൾ നന്ദി അറിയിക്കുകയാണ്,’ ജഗദീഷ് പറഞ്ഞു.
തിയേറ്ററിൽ വെച്ചുള്ള പ്രേക്ഷകരുടെ പ്രതികരണവും അവരുടെ ഇൻവോൾവ്മെന്റും കയ്യടിയും കാണുമ്പോൾ ഞങ്ങളുടെയും കണ്ണ് നിറഞ്ഞുവെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് കരയാനുള്ള സീനുകൾ അധികമെങ്കിലും ആദ്യ പകുതിയിൽ തന്നെ നടൻ ഹക്കീം ഷാജഹാന്റെ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ടെക്നിക്കൽ സൈഡും മ്യൂസിക്കും ക്യാമറയൊക്കെ മികച്ചതാണെന്നും നടൻ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ് എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, ഹക്കീം ഷാജഹാൻ, അനു സിത്താര, അക്ഷര ഷൈനോദ്, സുഹാസിനി, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി വർഗീസ് രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്ന പ്രതികരണങ്ങൾ വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ ഹെയ്ൽ മേരി തിയേറ്ററുകളിൽ വൻ വിജയമാകുമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ.
Content Highlight: Jagadish said Hail Mary would bring tears to anyone with a heart, it went beyond a feel-good film to capture every emotion.