| Thursday, 19th February 2026, 7:36 pm

കുറച്ച് ബോധമുണ്ടെന്നാ വിചാരിച്ചത്, പുരാണങ്ങളില്‍ ന്യൂക്ലിയര്‍ ആയുധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന പരാമര്‍ശത്തിന് പിന്നാലെ ജഗദീഷിന് വിമര്‍ശനം

അമര്‍നാഥ് എം.

അഭിനയജീവിതത്തിന്റെ 40ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും തന്നിലെ നടനെ തേച്ചുമിനുക്കുന്ന നടനാണ് ജഗദീഷ്. ഒരുകാലത്ത് കോമഡി റോളുകളില്‍ മാത്രം തളച്ചിടപ്പെട്ട താരം ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലും ഞെട്ടിക്കുകയാണ്. അടുത്തിടെ ജഗദീഷ് ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം ജഗദീഷ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വെണ്ണല തൈക്കാട് ശിവക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ജഗദീഷായിരുന്നു പ്രധാന അതിഥി. പ്രസംഗത്തിനിടെ ജഗദീഷ് ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇറാനെയും അമേരിക്കയെയും ഉദ്ധരിച്ചായിരുന്നു താരം സംസാരിച്ചത്.

ജഗദീഷ് Photo: Anushulal K/ Facebook

‘ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് യുദ്ധം ചെയ്യുകയാണ്. എന്തിന് വേണ്ടി? ന്യൂക്ലിയാര്‍ വെപ്പണിന്റെ കാര്യത്തിന് വേണ്ടി. ഇതൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദു പുരണത്തില്‍ പറഞ്ഞിട്ടുണ്ട് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണ്.’ എന്നായിരുന്നു ജഗദീഷ് പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഭിമുഖങ്ങളില്‍ വന്ന് ഇന്റലക്ച്വലായി സംസാരിക്കുന്ന ആളു തന്നെയാണോ ഇത്തരമൊരു കാര്യം പറഞ്ഞതെന്നാണ് പലരും ചോദിക്കുന്നത്. കോളേജ് പ്രൊഫസറായിരുന്ന ഒരാള്‍ക്ക് എങ്ങനെ സ്യൂഡോ സയന്‍സിനെക്കുറിച്ച് സംസാരിക്കാനാകുന്നു എന്നും ചോദ്യങ്ങളുണ്ട്.

‘ഏത് പുരാണത്തിലാണ് ന്യൂക്ലിയര്‍ വെപ്പണുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു,’ ‘വാങ്ങിയ പൈസക്ക് എന്തെങ്കിലും പറയണ്ടേ. ന്യൂക്ലിയര്‍ വെപ്പണ്‍ പോട്ടെ, ഒരു സേഫ്റ്റി പിന്‍ പോലും കണ്ടുപിടിച്ചിട്ടില്ല. അമേരിക്കയും മറ്റ് രാജ്യങ്ങളും ഉണ്ടാക്കിയ കാര്യങ്ങളെക്കുറിച്ച് പഴയ പുസ്തകത്തില്‍ പറയുന്നുണ്ടെന്ന് മാത്രം’, എന്നിങ്ങനെയാണ് പലരും പങ്കുവെച്ച കമന്റുകള്‍. സയന്‍സില്‍ പുതിയ എന്തെങ്കിലും കാര്യം കണ്ടുപിടിച്ചാല്‍ അതെല്ലാം ഞങ്ങളുടെ പുസ്തകങ്ങളിലുള്ളതാണെന്ന് പറഞ്ഞ് പലരും വരുന്നുണ്ടെന്നും പരിഹാസങ്ങളുണ്ട്.

എന്നാല്‍ ജഗദീഷ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും വ്യത്യസ്ത തരത്തിലുള്ള അസ്ത്രങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും അതെല്ലാം ന്യൂക്ലിയര്‍ വെപ്പണിന് തുല്യമായ ശക്തിയുള്ളതാണെന്നുമാണ് കമന്റുകള്‍. ബ്രഹ്‌മാസ്ത്രവും പാശുപതാസ്ത്രവുമെല്ലാം അത്തരത്തിലുള്ളതാണെന്നും അവകാശപ്പെടുന്നുണ്ട്.

ജഗദീഷിനെപ്പോലെ ഒരുപാട് അറിവും വിവരവുമുള്ള നടന്‍ സ്യൂഡോ സയന്‍സിനെ പുകഴ്ത്തിയതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. അടുത്തകാലത്തായി ചെയ്യുന്ന സിനിമകളിലെല്ലാം വിസ്മയിപ്പിച്ച നടന്‍ ഇങ്ങനെയൊക്കെ പറയുമെന്ന് ആരും കരുതിയില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Jagadessh’s speech about nuclear weapons getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more