| Tuesday, 8th July 2025, 3:57 pm

ഏറ്റവും ബുദ്ധിമുട്ടി അഭിനയിച്ച സിനിമ, ബ്രേക്കിന്റെ സമയത്ത് മര്യാദക്ക് ഇരിക്കാന്‍ പോലും സാധിച്ചില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തിലധികമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീടങ്ങോട്ട് നായകനായും സഹനടനായും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.

കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം അത്തരത്തിലൊന്നാണെന്ന് ജഗദീഷ് പറഞ്ഞു. ഭൂരിഭാഗം സീനും ട്രെയിനിലായിരുന്നു ഷൂട്ട് ചെയ്തതെന്നും രാത്രി മുഴുവന്‍ ഷൂട്ടിനായി പോകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഷൂട്ടെന്നും അതിനുള്ളില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും ചെലവഴിച്ചതെന്നും താരം പറയുന്നു. മര്യാദക്ക് ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നെന്നും ജഗദീഷ് പറഞ്ഞു. പുതിയ ചിത്രമായ ധീരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് സിനിമകള്‍ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് നമ്പര്‍ 20 മദ്രാസ് മെയിലിലായിരുന്നു. അതിന്റെ മേജര്‍ പോര്‍ഷന്‍സ് ഷൂട്ട് ചെയ്തത് ട്രെയിനിന്റെ അകത്താണ്. ആ സിനിമക്ക് വേണ്ടി മാത്രം ഒരു ട്രെയിന്‍ ഷൂട്ടിനായി പെര്‍മിഷന്‍ ചോദിച്ച് എടുത്തു. രാത്രി മാത്രമായിരുന്നു അതിലെ ഷൂട്ട്.

രാത്രി ട്രെയിനില്‍ കയറിയാല്‍ രാവിലെ വരെ ഷൂട്ടായിരുന്നു. ഷോട്ട് ഇല്ലാത്ത സമയത്തും ആ കമ്പാര്‍ട്‌മെന്റില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയായിരുന്നു. ഇന്നത്തേതുപോലെ ഒരു കമ്പാര്‍ട്‌മെന്റില്‍ നിന്ന് അടുത്തതിലേക്ക് പോകാനൊന്നും അന്ന് പറ്റില്ല. അതിന്റെയുള്ളില്‍ തന്നെ മര്യാദക്ക് റെസ്‌റ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആ സിനിമ ചെയ്ത് തീര്‍ത്തത്.

പിന്നീട് അതുപോലെ റിസ്‌കെടുത്ത് ഷൂട്ട് ചെയ്തത് ധീരനിലാണ്. കാരണം, ഈ സിനിമയില്‍ ഞാനടക്കമുള്ള ആര്‍ട്ടിസ്റ്റുകളെല്ലാം ഭൂരിഭാഗം സമയത്തും ആംബുലന്‍സിന്റെയകത്താണ്. അതില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നാണ് പോയത്. സിനിമക്ക് ആവശ്യമാണെങ്കില്‍ അതെല്ലാം ചെയ്യുന്നതില്‍ ഒരു മടിയും എനിക്കില്ല,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh shares the shooting experience of No 20 Madras mail movie

We use cookies to give you the best possible experience. Learn more