| Monday, 19th January 2026, 7:30 am

70 വയസുള്ള യുവാവിന്റെ എനര്‍ജറ്റിക് ഡാന്‍സ് വൈറല്‍, സൊഡക്ക് പാട്ടിന് ചുവടുവെച്ച് ജഗദീഷ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും സിനിമാപ്രേമികളെ വിസ്മയിപ്പിക്കുന്ന നടനാണ് ജഗദീഷ്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട ജഗദീഷ് തിരിച്ചുവരവില്‍ എല്ലാവരെയും ഞെട്ടിക്കുകയാണ്. ജഗദീഷിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

ഒമാനില്‍ സംഘടിപ്പിച്ച പത്മതീര്‍ത്ഥം എന്ന പരിപാടിയാണ് വേദി. തിരുവനന്തപുരം എക്‌സപാട്രിഷ്യേറ്റ്‌സ് അസോസിയേഷന്‍ (TEAM) ആണ് ഈ പരിപാടിയുടെ സംഘാടകര്‍. പരിപാടിക്കിടെ താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയിലെ ‘സൊഡക്ക്’ ഗാനം സ്റ്റേജില്‍ പ്ലേ ചെയ്യുമ്പോള്‍ കുട്ടികളോടൊപ്പം ജഗദീഷും ചുവടുവെക്കുന്നുണ്ട്.

70ാം വയസിലും അപാര എനര്‍ജിയില്‍ കൊച്ചുകുട്ടികളോടൊപ്പം ചുവടുവെച്ചാണ് ജഗദീഷ് സോഷ്യല്‍ മീഡിയക്ക് തീയിട്ടത്. ഡാന്‍സിന്റെ വീഡിയോ വളരെ വേഗത്തില്‍ വൈറലായിരിക്കുകയാണ്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നൊന്നും ചിന്തിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ‘വൈബാകുന്ന’ ജഗദീഷ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

’70 വയസുള്ള യുവാവിന്റെ എനര്‍ജറ്റിക് ഡാന്‍സ് വൈറല്‍’, ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’, ‘അണ്ണന്‍ എന്നാ സുമ്മാവാ’, ‘ഇവിടെ എന്തും പോകും, ന്യൂ ജനറേഷന്‍ കണ്ടുപഠിക്കണം’, ’70 വയസായെന്ന കാര്യം താങ്കള്‍ മറന്നെന്ന് തോന്നുന്നു’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ പലരും പങ്കുവെച്ച കമന്റുകള്‍. പരിപാടിയുടെ സംഘാടകരാണ് വീഡിയോ പങ്കുവെച്ചത്.

ജഗദീഷ്

തന്റെ സ്വതസിദ്ധമായ സ്‌റ്റെപ്പുകളാണ് ജഗദീഷ് കളിച്ചത്. വേദിയിലുണ്ടായിരുന്നവരെല്ലാം ജഗദീഷിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാനാകും. ഒരൊറ്റ മിനിറ്റ് കൊണ്ടാണ് ഒമാനിലെ അല്‍ ഫലാജ് സ്റ്റേഡിയത്തില്‍ ജഗദീഷ് സ്‌കോര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക് തുടങ്ങി പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജഗദീഷിന്റെ ഡാന്‍സ് വൈറലായി.

കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയില്‍ ‘സൊഡക്ക് മേലെ’ എന്ന പാട്ട് ജഗദീഷ് പാടിയതിന്റെ വീഡിയോ ഇപ്പോഴും വൈറലാണ്. ഒരേ പാട്ട് പാടിയും ഡാന്‍സ് ചെയ്തും വൈറലാക്കിയ ജഗദീഷ് കയ്യടികള്‍ നേടിയിരിക്കുകയാണ്. ഓണ്‍ സ്‌ക്രീനില്‍ വിസ്മയിപ്പിക്കുന്നതിനിടയില്‍ ഓഫ് സ്‌ക്രീനിലും ജഗദീഷ് നിറഞ്ഞാടുകയാണ്.

Content Highlight: Jagadeesh’s dance vide viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more