ആദ്യഭാഗം പരാജയമായിട്ടും സെക്കന്‍ഡ് പാര്‍ട്ട് ബ്ലോക്ക്ബസ്റ്ററാക്കുക എന്ന ആചാരം ആടിന് ശേഷം ആവര്‍ത്തിച്ചിരിക്കുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും ഒ.ടി.ടിയില്‍ ശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗമായ മോഹിനിയാട്ടം ചുരുങ്ങിയ സ്‌ക്രീനുകളില്‍ ഗംഭീര വിജയമായി മാറിയിരിക്കുകയാണ്.
ഭരതനാട്യം നിര്‍ത്തിയ അതേയിടത്ത് തന്നെയാണ് മോഹിനിയാട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. ഭരതനാട്യത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് കോമഡി ഴോണറിലാണ് മോഹിനിയാട്ടം കഥപറയുന്നത്. അങ്ങേയറ്റം ഡാര്‍ക്കായ ഒരു കഥയെ കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പഴയ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ഇത്തവണ കടന്നുവന്നിട്ടുണ്ട്.
അത്തരത്തില്‍ ഒരു കഥാപാത്രമാണ് ജഗദീഷ് അവതരിപ്പിച്ച ഇറച്ചിവെട്ടുകാരന്‍. വളരെ കുറച്ച് സീനുകള്‍ മാത്രമാണ് ജഗദീഷിന് ഈ സിനിമയിലുള്ളത്. ആദ്യമൊന്നും അധികം പെര്‍ഫോം ചെയ്യാനില്ലാത്ത ഈ കഥാപാത്രത്തിന്റെ റേഞ്ച് രണ്ടാം പകുതിയിലാണ് വ്യക്തമാകുന്നത്. ശശിധരന്‍ നായരുടെ കുടുംബം ചെയ്ത കൊലയില്‍ ഇയാള്‍ എങ്ങനെ പങ്കാളിയാകുന്നു എന്നതും അതില്‍ നിന്ന് എങ്ങനെ ഊരിപ്പോരുന്നു എന്നും കാണുമ്പോള്‍ ചിരി വരുമെന്ന് ഉറപ്പാണ്.
ബോഡി വെട്ടിനുറുക്കാനായി എത്തുന്ന ഇയാള്‍ ചോദിക്കുന്നത് ‘കറി കട്ട് വേണോ ബിരിയാണി കട്ട് വേണോ’ എന്നാണ്. അത്രയും സീരിയസായ ഒരു സീനില്‍ ഇത്തരമൊരു ഡയലോഗ് പറയുകയും അത് കൃത്യമായി വര്‍ക്കൗട്ടാക്കുകയും ചെയ്തതില്‍ ജഗദീഷ് വിജയിച്ചെന്ന് തന്നെ പറയാം. ക്ലൈമാക്‌സിനോടടുത്ത സീനില്‍ ഏറ്റവുമധികം കൈയടി നേടിയതും ജഗദീഷ് തന്നെയാണ്.
ഒരു ഫോണ്‍ കോള്‍ സീനും അതിന് ശേഷമുള്ള റിയാക്ഷനും ജഗദീഷിന് മാത്രം കഴിയുന്ന ചില നമ്പറുകളായിരുന്നു. വിനയ് ഫോര്‍ട്ടിനോട് പറയുന്ന ഡയലോഗും കൂടിയായപ്പോള്‍ ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായി മാറി. ചുരുക്കം സീനുകള്‍ കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം ജഗദീഷ് അരക്കിട്ടുറപ്പിച്ചു. പേരില്ലാത്ത കഥാപാത്രം സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സിനിമയെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുന്നതിനിടയിലും ബോക്‌സ് ഓഫീസില്‍ മോഹിനിയാട്ടം സ്‌റ്റെഡിയായി മുന്നോട്ട് പോവുകയാണ്. കൂടുതല്‍ സ്‌ക്രീനുകള്‍ വരുംദിവസങ്ങളില്‍ ചിത്രത്തിന് ലഭിക്കുമെന്നും ഗംഭീര വിജയം നേടുമെന്നുമാണ് കണക്കുകൂട്ടല്‍.
Content Highlight: Jagadeesh’s character in Mohiniyattam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ