| Tuesday, 11th November 2025, 9:11 pm

ഇങ്ങനെ നടന്നാല്‍ മതിയോ, അവാര്‍ഡൊക്കെ വാങ്ങണ്ടേ എന്ന് അന്നുതൊട്ടേ മമ്മൂക്ക ചോദിക്കും, സിനിമയിലെ എന്റെ ഗൈഡിങ് ഫോഴ്‌സാണ് അദ്ദേഹം: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാജീവിതം നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും പഴയതിനെക്കാള്‍ പ്രസരിപ്പോടെ തിളങ്ങി നില്ക്കുന്ന നടന്മാരിലൊരാളാണ് ജഗദീഷ്. അടുത്തിടെ ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായി സമീപിക്കുന്ന ജഗദീഷ് സിനിമാപ്രേമികള്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചാവിഷയമാണ്.

കരിയറില്‍ മമ്മൂക്ക ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. സിനിമാജീവിതത്തില്‍ പലപ്പോഴും ഒരു ഗൈഡിങ് ഫോഴ്‌സായി പ്രവര്‍ത്തിച്ച നടനാണ് മമ്മൂട്ടിയെന്ന് ജഗദീഷ് പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അതെല്ലാം ഗുണം ചെയ്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു, മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘മോഹന്‍ലാലുമായി എത്രത്തോളം അടുപ്പമുണ്ടോ, അതേ അടുപ്പം മമ്മൂക്കയുമായും എനിക്കുണ്ട്. പക്ഷേ, രണ്ടുപേരും തമ്മില്‍ വ്യത്യാസമുണ്ട്. മോഹന്‍ലാല്‍ കൂടുതലായും പേഴ്‌സണല്‍ കാര്യങ്ങളാണ് ചോദിച്ചിരുന്നത്. പക്ഷേ, മമ്മൂക്ക പ്രൊഫഷണലായിട്ടുള്ള കാര്യങ്ങളാണ് കൂടുതലും ചോദിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കം തൊട്ടേ അങ്ങനെയായിരുന്നു.

‘ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, അവാര്‍ഡൊക്കെ വാങ്ങണ്ടേ’ എന്നൊക്കെ പണ്ട് ചോദിക്കുമായിരുന്നു. കോമഡി മാത്രം ചെയ്യാതെ എല്ലാ ടൈപ്പ് വേഷങ്ങളും ചെയ്യാന്‍ അദ്ദേഹം പറയാറുണ്ട്. വ്യത്യസ്തയുള്ള വേഷങ്ങള്‍ ചെയ്യാനും മേക്കപ്പില്‍ എങ്ങനെയൊക്കെ വെറൈറ്റി കൊണ്ടുവരാമെന്നൊക്കെയാണ് മമ്മൂക്കയുമായുള്ള ഡിസ്‌കഷനുകള്‍’ ജഗദീഷ് പറയുന്നു.

ഇന്നും പ്രൊഫഷണലായിട്ടുള്ള കാര്യങ്ങളില്‍ മമ്മൂട്ടി തനിക്ക് ഉപദേശം നല്കാറുണ്ടെന്ന് താരം പറഞ്ഞു. തനിക്ക് മാത്രമല്ലെന്നും പുതിയ തലമുറയിലെ എല്ലാ ആര്‍ട്ടിസ്റ്റുകളോടും അദ്ദേഹം അതേ സമീപനമാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ കാര്യങ്ങളില്‍ എല്ലാവരോടും അദ്ദേഹം ചര്‍ച്ച നടത്താറുണ്ടെന്നും താരം പറഞ്ഞു.

‘മമ്മൂക്കയുമായിട്ട് ചെയ്ത പടങ്ങളെല്ലാം നല്ല ഓര്‍മകളായിരുന്നു. അതില്‍ ഓരോന്നും വ്യത്യസ്തമായിട്ടുള്ളതാണ്. കുട്ടേട്ടനില്‍ ഭാര്യയുണ്ടായിട്ടും മറ്റ് പെണ്‍കുട്ടികളോട് അടുക്കാന്‍ ശ്രമിക്കുന്ന നായകന്റെ സഹായിയായിട്ടാണ് ഞാന്‍ വേഷമിട്ടത്. ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള ക്യാരക്ടറുകളിലൊന്ന് ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലേതായിരുന്നു. റഫായ നായകന്റെ ഡ്രൈവര്‍ കഥാപാത്രം കുറച്ച് ചാലഞ്ചിങ്ങായിരുന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh about the guidance he got from Mammootty

We use cookies to give you the best possible experience. Learn more