| Friday, 23rd October 2026, 8:38 am

രജിനി സാറിന്റെ ഡാന്‍സ് വരെ നെല്‍സണ്‍ കട്ട് ചെയ്തു, ഞാന്‍ നേരിട്ട് കണ്ട് വണ്ടറടിച്ച സ്റ്റെപ്പായിരുന്നു അത്: ജാഫര്‍ സാദിഖ്

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ ചരിത്രമെഴുതി മുന്നേറുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 550 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. തമിഴിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍. 75ാം വയസിലും തന്റെ സ്‌റ്റൈലും സ്വാഗും കൊണ്ട് രജിനി ആരാധകാരെ ആവേശത്തിലാക്കി.

ആദ്യഭാഗം കഴിഞ്ഞ് അധികം വൈകാതെ ആരംഭിക്കുന്ന കഥയാണ് ജയിലര്‍ 2ന്റേത്. ആദ്യഭാഗത്തിലുണ്ടായിരുന്ന പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. അത്തരത്തിലൊരു കഥാപാത്രങ്ങളിലൊന്നാണ് ജാഫര്‍ സാദിഖ് അവതരിപ്പിച്ച ഡോക്‌നാഥ്. മുത്തുവേല്‍ പാണ്ഡ്യന്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനുള്ള കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ജയിലര്‍ 2ന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജാഫര്‍ സാദിഖ്. ആദ്യഭാഗത്തെക്കാള്‍ വളരെ കുറച്ച് സീനുകളേ തനിക്ക് ഇത്തവണയുണ്ടായിരുന്നുള്ളൂവെന്ന് താരം പറഞ്ഞു. എന്നിരുന്നാലും തനിക്ക് ഷൂട്ടില്ലാത്ത സമയത്തും സെറ്റില്‍ പോകുമായിരുന്നെന്നും ആ സമയത്ത് തന്നെ ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് മനസിലായെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘പടത്തിന്റെ ഷൂട്ട് പകുതിയായപ്പോഴാണ് ഞാന്‍ സെറ്റിലെത്തുന്നത്. ആ സമയത്ത് ‘അല്ല ബോലേലോ’ പാട്ട് എടുക്കുകയായിരുന്നു. എല്ലാം ചുമ്മാ കാണാന്‍ വേണ്ടിയാണ് അവിടെ പോയത്. കാണാന്‍ തന്നെ നല്ല രസമായിരുന്നു. ഇനി നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത എക്‌സ്‌ക്ലൂസീവ് കാര്യം ഷെയര്‍ ചെയ്യാം. ആ പാട്ടില്‍ രജിനി സാറും ഡാന്‍സ് ചെയ്തിട്ടുണ്ടായിരുന്നു.

പക്ഷേ, ഫൈനല്‍ എഡിറ്റില്‍ അദ്ദേഹത്തിന്റെ ആ ഡാന്‍സ് കട്ട് ചെയ്തുകളഞ്ഞു. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാല്‍, ആ ഡാന്‍സ് കാണാന്‍ തന്നെ നല്ല രസമായിരുന്നു. 200ന് മുകളിലുള്ള സ്ത്രീകളുടെ നടുക്ക് നിന്ന് സൂപ്പര്‍സ്റ്റാര്‍ ഡാന്‍സ് ചെയ്യുന്ന ഫ്രെയിം കാണാന്‍ നല്ല ക്യൂട്ടായിരുന്നു. അത് പ്രേക്ഷകര്‍ക്ക് കാണാനുള്ള അവസരമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഡിലീറ്റഡ് സീനായിട്ട് ഭാവിയില്‍ എപ്പോഴെങ്കിലും അത് പുറത്തുവിടുമെന്ന് തോന്നുന്നു,’ ജാഫര്‍ സാദിഖ് പറഞ്ഞു.

അഞ്ച് ദിവസമെടുത്താണ് ആ ഗാനം ഷൂട്ട് ചെയ്തതെന്ന് താരം പറഞ്ഞു. ചെന്നൈയില്‍ വലിയൊരു സെറ്റ് നിര്‍മിച്ചിരുന്നെന്നും അവിടെയായിരുന്നു മുഴുവനും ഷൂട്ട് ചെയ്തതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചാമത്തെ ദിവസമാണ് താന്‍ സെറ്റിലെത്തിയതെന്നും ഗ്രാന്‍ഡ് പരിപാടിയാണെന്ന് സെറ്റിലെത്തിയപ്പോള്‍ തന്നെ മനസിലായെന്നും ജാഫര്‍ പറയുന്നു.

Content Highlight: Jaffer Sadiq shares the shooting experience of Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more