| Saturday, 26th July 2025, 3:02 pm

കുറച്ച് കൂടി വൃത്തിയാക്കാമായിരുന്നല്ലോ എന്ന് തോന്നാറുണ്ട്: ജാഫര്‍ ഇടുക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും കടന്നുവന്ന നടനാണ് ജാഫര്‍ ഇടുക്കി. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളാണ് കൂടുതലായും ജാഫറിനെ തേടിയെത്തിയത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ ജാഫര്‍ തന്റെ ട്രാക്ക് മാറ്റി. പിന്നീട് നായാട്ട്, കൂമന്‍, ഇഷ്‌ക്, ചുരുളി, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളില്‍ പെര്‍ഫോമന്‍സ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു.

കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോള്‍ ചെയ്തിരുന്ന ജാഫറിനോട് കഥയെ കുറിച്ചൊന്നും പലരും പറയാറില്ലായിരുന്നു. കഥാപാത്രത്തെ കൂടുതല്‍ അറിയാതെ അഭിനയിക്കാന്‍ പ്രയാസമല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജാഫര്‍ ഇടുക്കി.

‘പണ്ടൊക്കെ എന്നെ പോലെ ചെറിയ റോള്‍ ചെയ്യുന്ന നടന്‍മാരോടൊന്നും കഥയെ കുറിച്ച് ഒരക്ഷരം പറയാറില്ല. എല്ലാം കഴിഞ്ഞ് സിനിമ കാണുമ്പോള്‍ ഇതൊക്കെയായിരുന്നു സംഭവമെന്ന് അറിഞ്ഞാല്‍ കുറച്ച് കൂടി വൃത്തിയാക്കാമായിരുന്നല്ലോ എന്ന് തോന്നും.

പക്ഷേ മറ്റൊരു തമാശ എന്താണെന്ന് വെച്ചാല്‍, നമ്മള്‍ അറിഞ്ഞ് അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിച്ച് ഉള്ളതും കൂടി കുളമാക്കും. എന്നാലും ഇപ്പോഴൊക്കെ കഥ എന്താണെന്നും കഥാപാത്രം എങ്ങനെയുള്ളത് ആണെന്നുമൊക്കെ അന്വേഷിക്കാറുണ്ട്. ചിലരോടൊക്കെ അതിന്റെ പേരില്‍ മുഷിയേണ്ടി വന്നിട്ടുപോലുമുണ്ട്,’ ജാഫര്‍ ഇടുക്കി പറയുന്നു.

ഇപ്പോഴത്തെ പിള്ളേര് വെടിക്കെട്ട് പടങ്ങളാണ് ഉണ്ടാക്കുന്നതെന്നും നടന്‍ പറയുന്നുണ്ട്. അവര്‍ക്ക് ഒരു ചെറിയ സംഭവം കിട്ടിയാല്‍ പോരേയെന്നും ബിഗ് ബിയിലെ പട്ടിക്കച്ചവടക്കാരന്‍ ഷംസുവിന് ശേഷം മഹേഷിന്റെ പ്രതികാരത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടുവെന്നും ജാഫര്‍ പറഞ്ഞു.

ഒരിക്കല്‍ ഒരു ലൊക്കേഷനില്‍ കലാഭവന്‍ മണിയെ അന്വേഷിച്ച് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും എത്തിയിരുന്നുവെന്നും താന്‍ അവരെ പരിചയപ്പെട്ടുവെന്നും നടന്‍ പറയുന്നു. അവരൊരു സിനിമ ചെയ്യുമ്പോള്‍ തനിക്ക് വേഷം തരാമെന്ന് അന്നേ വാക്കുപറഞ്ഞിരുന്നുവെന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു.

Content Highlight: Jaffar Idukki Talks About His Films

We use cookies to give you the best possible experience. Learn more