| Friday, 24th October 2025, 8:43 pm

പൊട്ടാത്ത മുട്ടയുടെ ഓര്‍മകള്‍

എം.എം.ജാഫർ ഖാൻ

1990 കളിലെ ഓര്‍മയാണ്, വണ്‍ഡേ ക്രിക്കറ്റ് മാച്ചുകള്‍ തെണ്ടിക്കണ്ടിരുന്ന കാലം. 180 മുതല്‍ 230 ഒക്കെ ആവും രാജ്യാന്തര മത്സരങ്ങളില്‍ ആര് കളിച്ചാലും പരമാവധി സ്‌കോര്‍. എതിരാളികള്‍ ആരുമാവാം. അടിച്ചെടുക്കാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അക്രമും വഖാറും മെക്ഗ്രാത്തും അലന്‍ ഡൊണാള്‍ഡുമെല്ലാം 15 ഓവറില്‍ മൂന്നിന് 38 എന്ന നിലയിലെല്ലാം ചുരുട്ടിക്കെട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ ജയസൂര്യയും ഡിസില്‍വയും ചേര്‍ന്ന് നമ്മുടെ ശ്രീനാഥ്, പ്രസാദ് സഖ്യത്തെ ‘തല്ലുകയുമാവാം’.

അയല്‍ വീടുകളിലെ ജനലുകളില്‍ തിക്കിത്തിരക്കിക്കിട്ടുന്ന ‘കണ്ണായ’ സെന്റീമീറ്റര്‍ സ്ഥലത്തിലൂടെ ഇന്ത്യ മൊത്തം പൊള്ളുന്നത് അന്നേരം കാണാമായിരുന്നു. ശ്വാസതടസവും മൂത്രംമുട്ടലും ഒന്നിച്ചനുഭവിക്കും. സച്ചിന്‍ പുറത്താവാതെ ക്രീസിലുണ്ടെങ്കില്‍ ചെറിയൊരാശ്വാസം.

ഏതായാലും ഓരോവര്‍ കഴിഞ്ഞുള്ള പരസ്യനേരം. അതാ വരുന്നു..
ചൂണ്ടക്കോലില്‍ ഫെവിക്കോള്‍ തേച്ച് മീന്‍ പിടിക്കുന്ന ചേട്ടന്‍.

ഫെവിക്കോള്‍ കാനില്‍ ഇട്ടുനല്‍കിയ ധാന്യങ്ങള്‍ കഴിച്ചതിനാല്‍ എറിഞ്ഞാലും പൊട്ടാത്ത മുട്ടയിടുന്ന കോഴി.

പിന്നില്‍ ഫെവിക്കോള്‍ പരസ്യമുള്ളതിനാല്‍ 24 പേരെ കൊള്ളുന്ന മിനി ബസില്‍ 150 പേരെ ഒട്ടിച്ചുവെച്ച പോലെ രാജസ്ഥാന്‍ മരുഭൂമിയിലൂടെ കൊണ്ടുപോകുന്ന ഡ്രൈവര്‍..

ഏതാനും സെക്കന്‍ഡുകള്‍ മത്സരത്തിന്റെ അവസ്ഥ മറന്ന് ഞങ്ങള്‍ ആര്‍ത്തുചിരിക്കും. പരസ്യമെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത പരസ്യങ്ങള്‍.

‘ചേട്ടന്‍ മുട്ടയെടുത്ത് ചട്ടിയില്‍ അമര്‍ത്തി മുട്ടുമ്പോള്‍’ തന്നെ ഞങ്ങള്‍ കുട്ടികള്‍ പൊട്ടില്ല എന്ന് ധൈര്യത്തില്‍ പ്രഖ്യാപിച്ച് ചിരിച്ചുമറിയും. ടെന്‍ഷന്‍ കയറി കാല് വിയര്‍ത്തുനില്‍ക്കുന്ന നേരത്ത് മനുഷ്യരെ ചിരിപ്പിച്ചത് കൊണ്ടാവുമോ ഈ പരസ്യങ്ങളെല്ലാം വിജയിച്ചത്?

പിന്നെയും കണ്ടു, കളികളേക്കാള്‍, സിനിമകളേക്കാള്‍, സീരിയലുകളേക്കാള്‍ ആനന്ദിപ്പിച്ച ഒരുപാട് പരസ്യങ്ങള്‍.

ആരെയും സ്‌കൂട്ടര്‍ പ്രേമിയാക്കുന്ന ‘Hamara Bajaj’, പോളിയോ മരുന്ന് കൊടുക്കാന്‍ ഒറിജിനല്‍ ബച്ചേട്ടന്‍ ഉദ്ബോധനം നടത്തുന്ന ‘Boond Zindagi ke’, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശരിക്കും ഇന്ത്യന്‍ ജനതക്കിടയില്‍ ‘വലിയ വിലയില്‍ വിറ്റ’ Abki baar Modi sarkar, വോഡാഫോണിന്റെ പഗ് (ചെറുനായ) പരസ്യം… അങ്ങനെ നിരവധി.

Piyush Pandey

എല്ലാം സൃഷ്ടിച്ചത് പിയുഷ് പാണ്ഡെയെന്ന രാജസ്ഥാനിയാണെന്ന് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് തിരിയുന്നത്. ഇന്ത്യന്‍ പരസ്യമേഖലയുടെ പിതാവാണ് അദ്ദേഹം. പരസ്യത്തിന്റെ കരുത്ത് എത്രയെന്ന് രാജ്യത്തെ ശരിക്കും പഠിപ്പിച്ച ഉസ്താദ്. അദ്ദേഹത്തിന്റെ വിലയറിയാന്‍ ഒറ്റക്കാര്യം മാത്രം മതി. അയാളുടെ പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞാല്‍ ചാനല്‍ മാറ്റാന്‍ അത് കാണുന്ന ഒരാള്‍ക്കും വിരലനങ്ങില്ലായിരുന്നു. അത്രമാത്രം ഹൃദ്യമായിരുന്നു അവ.

അദ്ദേഹം ഇന്ന് മരിച്ചു.

പിയുഷ് അണ്ണാ, എന്നും ഓര്‍ത്ത് പൊട്ടിച്ചിരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി.

Content Highlight: Jafar Khan writes about Piyush Panda, the father of Indian advertising

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more