| Saturday, 7th November 2026, 10:32 pm

അമ്പരപ്പിച്ച് ജടായു-രാവണന്‍ ഫൈറ്റ്; രാമായണയുടെ റിലീസിന് പിന്നാലെ വൈറലായി കൊല്ലത്തെ ജടായുപ്പാറ

അശ്വിന്‍ രാജേന്ദ്രന്‍

നാലായിരം കോടി മുതല്‍ മുടക്കില്‍ ഒരു ഇന്ത്യന്‍ ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ സിനിമാ ലോകത്ത് ചര്‍ച്ചകളേറെയായിരുന്നു. നാലായിരം കോടി എങ്ങനെ ഉപയോഗിക്കുമെന്നും ചിത്രത്തിന് ഈ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്നടക്കം ഒട്ടനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണയാണ് ഇത്രയും മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്നത് എന്നറിഞ്ഞതോടെ പലരും മറ്റൊരു ആദിപുരുഷായിരിക്കും ചിത്രം എന്നും വിലയിരുത്തിയിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായിരുന്നു രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന രാമായണയെ കുറിച്ച് പ്രതീക്ഷയേകിയത്. ദംഗല്‍, ചിച്ചോരേ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ നിതിഷ് തിവാരി ഒരുക്കുന്ന ചിത്രം എന്നതിലുപരി രാമായണയ്ക്ക് വി.എഫ്.എക്‌സ് ഒരുക്കുന്നത് എട്ട് അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഡബിള്‍ നെഗറ്റീവ് സ്റ്റുഡിയോ ആണെന്നത് വലിയ ഹൈപ്പായിരുന്നു രാമായണയ്ക്ക് ഉണ്ടാക്കി നല്‍കിയത്.

രാമായണ. Photo: X.com

ഇന്റര്‍സ്റ്റെല്ലാര്‍, ഇന്‍സെപ്ഷന്‍, ഡ്യൂണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഒരുക്കിയ ടീം, രാമായണയിലും എത്തിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു സിനിമാ പ്രേമികള്‍. ഈ പ്രതീക്ഷകളെയെല്ലാം നിറവേറ്റികൊണ്ട് മികച്ച വിഷ്വല്‍ ട്രീറ്റായിരുന്നു രാമായണ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ദൃശ്യഭംഗിയുള്ള ചിത്രം എന്ന് രാമായണയെ നിസംശയം വിളിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് നിതിഷ് തിവാരി ചിത്രം ഒരുക്കിയിരിക്കുന്നത്.

രാമായണം പോലെ പല കാണ്ഡങ്ങളായി നീണ്ടുകിടക്കുന്ന കഥയെ മികച്ച രീതിയില്‍ ഒരു തിരക്കഥയാക്കി മാറ്റാനും അറിയാവുന്ന കഥയായിട്ട് കൂടി പ്രേക്ഷകനെ ഇന്‍ ചെയ്യിപ്പിച്ചുകൊണ്ട് ഒരുക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്നെ ഹൈലൈറ്റായിരുന്നു സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനും ജടായുവും തമ്മിലുള്ള ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍. ഒരു ഹോളിവുഡ് പടത്തിന്റെ ലെവലില്‍ ചിത്രീകരിച്ച ഈ ഭാഗങ്ങള്‍ക്ക് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്.

കഥകളിലൂടെ മാത്രം കേട്ടുപരിചയിച്ച പുഷ്പക വിമാനത്തിനും ജടായുവിനും രൂപം നല്‍കിയ ക്രിയേറ്റീവ് ടീം വലിയ കൈയടി അര്‍ഹിക്കുന്നു. ഫാന്റസിയിലുള്ള ഈ ഫാക്ടറുകളെ വിശ്വസിനീയമായ രൂപത്തില്‍ അവതരിപ്പിച്ച രാമായണയുടെ അണിയറപ്രവര്‍ത്തകര്‍ വലിയ കൈടയടി അര്‍ഹിക്കുന്നു. പാര്‍ട്ട് രണ്ടിലേക്ക് പ്രേക്ഷകനെ ഹുക്ക് ചെയ്യുന്നതില്‍ ഈ സീന്‍ വഹിച്ച പങ്ക് ചെറുതല്ല.

രാമായണ. Photo: X.com

ചിത്രത്തിനും ജഡായുവിനും ആരാധകരേറിയേതോടെ വൈറലാകുന്നത് കേരളത്തിലെ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്. കെല്ലത്തെ ജടായുപ്പാറ എന്നറിയപ്പെടുന്ന ജടായു എര്‍ത്ത് സെന്റര്‍ നാച്ച്വറല്‍ പാര്‍ക്കാണ്. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വന്ന് വീണതെന്ന് വിശ്വാസിക്കുന്ന സ്ഥലത്തെ ജടായുവിന്റെ പ്രതിമയുടെ വീഡിയോ ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlight: Jadayu versus Ravan Fight in Ramayana goes viral in social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more