കൊച്ചി: സംസ്ഥാനം നിപ ഭീതിയില്‍ ജാഗ്രത തുടരവെ വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരിയുടെവീഡിയോ. നിപ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയില്‍ വന്നത് നിപയല്ലെന്നുമാണ് പുതിയ വീഡിയോയില്‍ ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണം. നിപ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വീഡിയോയില്‍ വടക്കഞ്ചേരി പറയുന്നുണ്ട്.
നേരത്തെ എലിപ്പനി മരുന്ന് വിരുദ്ധ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആളാണ് വടക്കഞ്ചേരി. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെയും സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസുകളുണ്ടായിരുന്നു.
പനിവന്നാല്‍ അലോപ്പതി ആശുപത്രിയില്‍ പോകരുത്. പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാല്‍ മാത്രം മതി.പനി വന്നാല്‍ തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതിയെന്നും വടക്കഞ്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലില്‍ പോയത്. ഇനി ജയിലില്‍ പോകേണ്ടി വരില്ല. കാരണം ഭരണകൂടത്തിന് സത്യം മനസിലായികഴിഞ്ഞു. ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ തട്ടിപ്പ് മനസിലായെന്നും വ്യാജ അവകാശവാദങ്ങളുടെ കൂട്ടത്തില്‍ വടക്കഞ്ചേരി പറയുന്നു.