| Saturday, 8th June 2019, 1:05 pm

വടക്കഞ്ചേരിയ്ക്കും വാക്‌സിനേഷന്‍ വേണ്ടി വരുമെന്ന് തോന്നുന്നു: കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിപ വൈറസ് ബാധയുണ്ടായപ്പോള്‍ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയ്‌ക്കെതിരെയും മോഹനന്‍ വൈദ്യര്‍ക്കെതിരെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വടക്കഞ്ചേരിയ്‌ക്കെതിരെ പുതുതായി പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നിപ ഉണ്ടായപ്പോള്‍ വ്യാജ പ്രചരണം നടത്തിയ വടക്കഞ്ചേരിയ്‌ക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇത്തവണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്നും അതുകൊണ്ട് വാക്‌സിനേഷന്‍ വടക്കഞ്ചേരിയ്ക്കും വേണ്ടതാണെന്ന് തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

”വടക്കഞ്ചേരിയ്‌ക്കെതിരെ ആദ്യം കേസ് കൊടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുറച്ചു കാലം വടക്കഞ്ചേരി സമാധാനമായി നിന്നിരുന്നു. അതിന്റെ പീരിയഡ് അങ്ങോട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പറയാന്‍ തുടങ്ങി. വാക്‌സിനേഷന്‍ വടക്കഞ്ചേരിയ്ക്കും വേണ്ടതാണെന്ന് തോന്നുന്നു. കാരണം ആദ്യത്തിന്റെത് പ്രതിരോധ ശക്തി കുറയുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അതുകൊണ്ട് ഞങ്ങള്‍ ഇത്തവണയും വടക്കഞ്ചേരിയ്‌ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

വടക്കഞ്ചേരി മാത്രമല്ല, മോഹനന്‍ വൈദ്യരുണ്ടല്ലോ, വല്ലാലൊക്കെ കടിച്ച മാമ്പഴം എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന് തിന്ന് കാണിക്കുകയാണ്. ചിലപ്പോള്‍ വവ്വാല്‍ കഴിച്ച മാമ്പഴം കഴിച്ചാല്‍ പ്രശ്‌നമൊന്നുമുണ്ടാവില്ല. പക്ഷെ മാമ്പഴത്തില്‍ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് നമുക്ക് മനസിലാവില്ലല്ലോ. അതുകൊണ്ട് ആരോഗ്യ വകുപ്പ് പറയുന്നതാണ് ശരി.” മന്ത്രി പറഞ്ഞു.

നിപ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയില്‍ വന്നത് നിപയല്ലെന്നുമാണ് പുതിയ വീഡിയോയില്‍ ജേക്കബ് വടക്കഞ്ചേരി പറഞ്ഞിരുന്നത്. നിപ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more