| Sunday, 25th October 2026, 3:52 pm

ഇന്ത്യയുടെ ജയത്തിന് കാരണം ആ ന്യൂസിലാന്‍ഡ് താരം; വിചിത്ര നിരീക്ഷണവുമായി ആര്‍. അശ്വിന്‍

ആദർശ് എം.കെ.

ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യയുടെ വിജയത്തില്‍ കീവിസ് പേസര്‍ ജേക്കബ് ഡഫിയും ഒരു പ്രധാന കാരണമാണെന്ന നിരീക്ഷണവുമായി ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അശ്വിന്റെ നിരീക്ഷണം.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, ആറ് വിക്കറ്റ് നഷ്ടപ്പെട്ട് അവസാന ഓവറുകളില്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ 18ാം ഓവര്‍ എറിഞ്ഞ ജേക്കബ് ഡഫി 17 റണ്‍സ് വഴങ്ങിയതാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. ഒടുവില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

‘ഇന്ത്യയുടെ വിജയത്തിന് ഒരു വലിയ കാരണം ജേക്കബ് ഡഫി കൂടിയാണ്. പലപ്പോഴും ജയിക്കാന്‍ സാധ്യതയുള്ള ഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് ഈ പ്രശ്‌നം വരാറുണ്ട്. നാല് ഓവറില്‍ 50 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു.

ആ സമയം ഡഫി എന്താണ് ചെയ്തത്? അവന്‍ എറിഞ്ഞ മൂന്ന് സ്ലോവര്‍ പന്തുകളും അടിച്ചുപറത്താന്‍ പാകത്തിലുള്ള സ്ലോട്ടിലായിരുന്നു. ആ ഓവറാണ് കളിയിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യയെ സഹായിച്ചത്,’ അശ്വിന്‍ പറഞ്ഞു.

ആർ. അശ്വിൻ..Photo: Hello Cricket/x.com

ഐ.പി.എല്ലില്‍ തുടര്‍ച്ചയായി തല്ലുവാങ്ങി പരിചയമുള്ളതിനാല്‍ പെട്ടെന്ന് പ്രതിരോധ തന്ത്രങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പഠിക്കുന്നുണ്ടെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. ആക്രമണാത്മക ലെങ്തുകളില്‍ പന്തെറിയാന്‍ ശ്രമിച്ച് തല്ലുവാങ്ങിയ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ സാന്റ്‌നറുടെ മികച്ച സ്‌പെല്‍ പോലും നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

‘ഐ.പി.എല്ലിന്റെ മറ്റൊരു നേട്ടമാണിത്. ബൗളര്‍മാര്‍ക്ക് ധാരാളം അടിയേല്‍ക്കുന്നതിനാല്‍, അതില്‍ നിന്ന് പഠിക്കാനും പ്രതിരോധ ഓപ്ഷനുകള്‍ കണ്ടെത്താനും അവര്‍ക്ക് അറിയാം. ന്യൂസിലന്‍ഡിന്റെ ബൗളര്‍മാര്‍ ആക്രമണാത്മക ലെങ്തുകളില്‍ പന്തെറിയാന്‍ ശ്രമിച്ച് തല്ലുവാങ്ങുകയായിരുന്നു. അവര്‍ സാന്റ്‌നറുടെ സ്‌പെല്‍ പൂര്‍ണമായും നശിപ്പിച്ചു. ആക്രമണാത്മക പന്തുകളില്‍ ഇത്രയധികം തല്ലുവാങ്ങാന്‍ അവര്‍ ശീലിച്ചിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജേക്കബ് ഡഫി

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 43 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവോണ്‍ ജെയിംസും ആതിഥേയര്‍ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയപ്പോള്‍ 17 പന്ത് നേരിട്ട് 31 റണ്‍സുമായാണ് നമന്‍ ധിര്‍ മടങ്ങിയത്. 13 പന്തില്‍ പുറത്താകാതെ 26 റണ്‍സായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ സമ്പാദ്യം.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.

Content Highlight: “Jacob Duffy was also a key reason for India’s victory” – Ravichandran Ashwin’s unexpected remark

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more