| Sunday, 24th August 2025, 10:26 pm

കരുത്തനായി ഗ്രീലിഷ്; ബ്രൈറ്റണെ വീഴ്ത്തി എവര്‍ട്ടണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം നേടി എവര്‍ട്ടണ്‍. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈറ്റണെനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്ലബ്ബിന്റെ വിജയം. മത്സരത്തില്‍ ആധിപത്യം ബ്രൈറ്റണായിരുന്നെങ്കിലും ദി ടോഫീസ് ജയിക്കുകയായിരുന്നു.

മത്സരത്തിലെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. ഇരു ടീമിലെയും താരങ്ങള്‍ ഒട്ടും വിട്ടുകൊടുക്കാതെ മുന്നേറ്റങ്ങളുമായി കുതിച്ചു. 23ാം മിനിട്ടില്‍ തന്റെ മത്സരത്തിന്റെ ആവേശം കൂട്ടി ആദ്യ ഗോളെത്തി.

എവര്‍ട്ടണായി ഗോള്‍ നേടിയതും ലീഡ് സമ്മാനിച്ചതും ഇലിമാന്‍ എന്‍ഡിയെയായിരുന്നു. അതിനായി പന്തെത്തിച്ച് നല്‍കിയത് ജാക്ക് ഗ്രീലിഷായിരുന്നു. ഗോള്‍ പിറന്നതോടെ ഗാലറിയിലും വലിയ ആരവങ്ങള്‍ ഉയര്‍ന്നു. ബ്രൈറ്റണ്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നിലയില്‍ ഒന്നാം പകുതിയ്ക്ക് അവസാനമായി.

ഗോള്‍ നേടി തിരിച്ച് വരാന്‍ ഒരുങ്ങിയാണ് ബ്രൈറ്റണ്‍ രണ്ടാം പകുതിയില്‍ എത്തിയത്. എന്നാല്‍, മത്സരം പുനരാരംഭിച്ച് മിനിട്ടുകള്‍ക്കകം തന്നെ ബ്രൈറ്റണിന്റെ നെഞ്ച് തുളച്ച് അടുത്ത ഗോളുമെത്തി. ജെയിംസ് ഗാര്‍ണറുടെ വകയായിരുന്നു ഇത്തവണ ഗോള്‍. 52ാം മിനിട്ടിലെ ഗോളിനും വഴിയൊരുക്കിയത് ഗ്രീലിഷ് തന്നെയായിരുന്നു.

രണ്ടാം ഗോളുമെത്തിയതോടെ ബ്രൈറ്റണ്‍ താരങ്ങള്‍ ആകെ തളര്‍ന്നു. എന്നാലും വിട്ടുകൊടുക്കാതെ അവര്‍ മൈതാനത്ത് കുതിച്ചു. ആക്രമണങ്ങളുടെ ഫലമായി 75ാം മിനിട്ടില്‍ അവര്‍ക്ക് ഒരു പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ ഡാനി വെല്‍ബെക്ക് എടുത്ത പെനാല്‍റ്റി വലയിലെത്തിക്കാനായില്ല. ഏറെ വൈകാതെ റഫറി ഫൈനല്‍ വിസിലടിച്ചു. അതോടെ, എവര്‍ട്ടണ്‍ സീസണില്‍ ആദ്യം വിജയവും പോയിന്റും സ്വന്തമാക്കി

അതേസമയം, മത്സരത്തില്‍ ആധിപത്യം ബ്രൈറ്റണായിരുന്നു. ബ്രൈറ്റണ് 58 ശതമാനം പന്തടക്കം ഉണ്ടായിരുന്നപ്പോള്‍ 42 ശതമാനം മാത്രമായിരുന്നു എവര്‍ട്ടണ്‍ പന്ത് കൈവശം വെച്ചത്. ദി ടോഫീസ് 11 ഷോട്ടുകള്‍ അടിച്ചപ്പോള്‍ ബ്രൈറ്റണ്‍ തൊടുത്തത് 13 ഷോട്ടുകളായിരുന്നു.

Content Highlight: Jack Grealish makes two assist as Everton won against Brighton in English Premier League

We use cookies to give you the best possible experience. Learn more