| Sunday, 29th June 2025, 9:08 am

ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം, പ്രശ്‌നമെന്താണെന്ന് ആര്‍ക്കും ഇനിയും മനസിലായിട്ടില്ല; ക്ലബ്ബ് വേള്‍ഡ് കപ്പിനെതിരെ ആഞ്ഞടിച്ച് ക്ലോപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് വേള്‍ഡ് കപ്പ് അതിന്റെ നോക്ക്ഔട്ട് സ്‌റ്റേജിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബ്രസീലിയന്‍ സൂപ്പര്‍ ടീം പാല്‍മീറസ്, ഇംഗ്ലഷ് ജയന്റ്‌സും നിലവിലെ കോണ്‍ഫറന്‍സ് ലീഗ് ജേതാക്കളുമായ ചെല്‍സി എന്നിവര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യോഗ്യത നേടിയിട്ടുണ്ട്.

ഇതിഹാസ താരം ലയണല്‍ മെസി തന്റെ പഴയ ടീമായ പി.എസ്.ജിക്കെതിരെ കളത്തിലിറങ്ങുന്നതടക്കം നിരവധി മത്സരങ്ങള്‍ റൗണ്ട് ഓഫ് 16ല്‍ നടക്കാനുണ്ട്. സ്പാനിഷ് ടൈറ്റന്‍സായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ സൂപ്പര്‍ ടീം യുവന്റസും തമ്മിലുള്ള പോരാട്ടമാണ് സൂപ്പര്‍ സിക്സ്റ്റീനില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം.

എന്നാല്‍ ക്ലബ്ബ് വേള്‍ഡ് കപ്പിനെ വിമര്‍ശിക്കുകയാണ് ഇതിഹാസ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പല ആളുകള്‍ക്കും യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഇനിയും മനസിലായിട്ടില്ലെന്നും ക്ലോപ്പ് പറഞ്ഞു.

ജര്‍മന്‍ ദിനപത്രമായ വെല്‍റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫുട്‌ബോള്‍ ചരിത്രത്തില്‍ കൊണ്ടുവന്നിട്ടുള്ളതില്‍ ഏറ്റവും മോശം തീരുമാനമാണ ക്ലബ്ബ് വേള്‍ഡ് കപ്പ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇതുപോലുള്ള ആശയവുമായി വരുന്നത്.

ഇതിലെ പ്രശ്‌നം എന്താണെന്ന് ഇനിയും പലര്‍ക്കും മനസിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണില്‍ താരങ്ങള്‍ക്ക് ഇതുവരെയില്ലാത്ത പരിക്കുകള്‍ വന്നേക്കും. അത് ആ സീസണില്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ലോകകപ്പിലോ അത് കഴിഞ്ഞോ സംഭവിക്കും,’ ക്ലോപ്പ് പറഞ്ഞു.

ക്ലോപ്പിന്റെ വാക്കുകളെ എതിര്‍ത്തും അനുകൂലിച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ഒരു മത്സരമാണുള്ളത്. സൂപ്പര്‍ താരം ലയണല്‍ മെസിയും ഇന്റര്‍ മയാമിയും നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായ പി.എസ്.ജിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയമാണ് വേദി.

പ്രീ ക്വാര്‍ട്ടറിലെ മറ്റ് മത്സരങ്ങള്‍

ജൂണ്‍ 30: ഫ്‌ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 1: ഇന്റര്‍ മിലാന്‍ vs ഫ്ളുമിനെന്‍സ്, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം

ജൂലൈ 1: മാഞ്ചസ്റ്റര്‍ സിറ്റി vs അല്‍ ഹിലാല്‍, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 2: റയല്‍ മാഡ്രിഡ് vs യുവന്റസ്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 2: ബൊറൂസിയ ഡോര്‍ട്മുണ്ട് vs മോണ്ടറേ, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം

Content Highlight: Jürgen Klopp slams Club World Cup

We use cookies to give you the best possible experience. Learn more