ജമ്മു: സംസ്ഥാനത്തെ അനധികൃത ഖനനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ഖനന മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഖനന വാഹനങ്ങളിലും ജി.പി.എസ് ട്രാക്കിങ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി ഉത്തരവിട്ടു.
ജമ്മുവില്‍ നടന്ന ഖനന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം ഇ-ചലാന്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അനധികൃത ഖനനത്തോട് സര്‍ക്കാര്‍ സീറോ ടോളറന്‍സ് നയമാണ് സ്വീകരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ചലാനുകള്‍ ദുരുപയോഗം ചെയ്യുന്നതും പകര്‍പ്പുകള്‍ ഉപയോഗിച്ച് ഒന്നിലധികം തവണ ലോഡ് കൊണ്ടുപോകുന്നതും പിടിക്കപ്പെട്ടാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.
പുതുക്കിയ രീതിപ്രകാരം ഒരു ഇ-ചലാന്‍ ഉപയോഗിച്ച് ഒരുതവണ മാത്രമേ ഖനന സാമഗ്രികള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കൂ. ജി.പി.എസ് ഇല്ലാത്ത വാഹനങ്ങള്‍ ഖനന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയാനും അദ്ദേഹം നിര്‍ദേശം നല്‍കി.
സുതാര്യത ഉറപ്പാക്കുന്നതിനായി നിലവിലുള്ള എല്ലാ മിനറല്‍ ഡീലര്‍ ലൈസന്‍സുകളും റദ്ദാക്കാന്‍ ഉപമുഖ്യമന്ത്രി ഉത്തരവിട്ടു. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ഇനി അനുവാദം നല്‍കുയെന്നും എന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, പുഴകളില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നും രാത്രികാല ഖനനം പൂര്‍ണമായും നിരോധിച്ചു. നിശ്ചിത ആഴത്തിന് മുകളിലേക്ക് ഖനനം നടത്താന്‍ പാടില്ലെന്നും പാലങ്ങള്‍ക്കും മറ്റ് പ്രധാന നിര്‍മിതികള്‍ക്കും സമീപമുള്ള ഖനനം തടയാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമായി.
അനധികൃത ഖനനം നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് സുരീന്ദര്‍ ചൗധരി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ശാസ്ത്രീയമായ ഖനന രീതികള്‍ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ ലംഘനം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
Content Highlight: J-K govt to strictly enforce e-challan, GPS tracking to curb illegal mining