| Friday, 5th June 2026, 8:03 am

ചരിത്രത്തിലാദ്യം! ലോകകപ്പിന് മുമ്പേ ഫ്രാന്‍സിനെ വെട്ടി ആഫ്രിക്കന്‍ ആന

Sudev A

2026 ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി. ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റാണ് ഫ്രഞ്ച് പടയെ വീഴ്ത്തിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഐവറികോസ്റ്റിന്റെ വിജയം.

തുടര്‍ച്ചയായി 10 മത്സരങ്ങള്‍ അപരാജിതമായെത്തിയ ഫ്രാന്‍സിന് ആഫ്രിക്കന്‍ ടീമിന് മുന്നില്‍ അടിപതറുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ദി എലിഫെന്റ്‌സ് ഫ്രാന്‍സിനെതിരെ വിജയം സ്വന്തമാക്കുന്നത്.

മത്സരം തുടങ്ങി ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രാന്‍സാണ് ആദ്യ ഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയാണ് ഫ്രഞ്ച് പടക്കായി ലക്ഷ്യം കണ്ടത്. ഒടുവില്‍ ആദ്യ പകുതിയില്‍ മത്സരം നിര്‍ത്തുമ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഐവറികോസ്റ്റ് ശക്തമായി തിരിച്ചു വരികയായിരുന്നു. രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റില്‍ ഗുയേല ഡൗലൂടെ ഐവറികോസ്റ്റ് സമനില ഗോള്‍ നേടി. 84ാം മിനിറ്റില്‍ അമദ് ഡിയല്ലോയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഐവറികോസ്റ്റ് വിജയം പിടിച്ചെടുത്തു.

ഐവറികോസ്റ്റ് ഗ്രൂപ്പ് ഇ-യിലാണ് ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ജര്‍മനി, കുറസാവോ, ഇക്വഡോര്‍ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 15ന് ഇക്വഡോറിനെതിരെയാണ് ആഫ്രിക്കന്‍ ടീമിന്റെ ആദ്യ മത്സരം.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐവറികോസ്റ്റ് ലോകകപ്പ് കളിയ്ക്കാന്‍ യോഗ്യത നേടുന്നത്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലായിരുന്നു അവസാനമായി ഐവറികോസ്റ്റ് പന്തുതട്ടിയിരുന്നത്. ഇപ്പോള്‍ ലോകകപ്പിന് മുമ്പേ തന്നെ ഫ്രഞ്ച് പടക്കെതിരെ ചരിത്രവിജയം സ്വന്തമാക്കി എല്ലാ ടീമുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐവറികോസ്റ്റ്.

അതേസമയം ലോകകപ്പില്‍ ഗ്രൂപ്പ് ഐ-യിലാണ് ഫ്രാന്‍സ് ഇടം നേടിയിരിക്കുന്നത്. നിലവിലെ ഫൈനലിസ്റ്റുകള്‍ക്കൊപ്പം സെനഗല്‍, ഇറാഖ്, നോര്‍വേ എന്നീ ടീമുകളുമാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ജൂണ്‍ 17ന് സെനഗലിനെതിരെയാണ് ഫ്രഞ്ച് പടയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുമ്പായി ഫ്രാന്‍സ് ഒരു ഫ്രണ്ട്‌ലി മത്സരം കൂടി കളിക്കും. ജൂണ്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Content Highlight: Ivory cost beat France ahead of 2026 fifa world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more