2026 ഫിഫ ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം ലക്ഷ്യമിട്ട് ആഫ്രിക്കന്‍ ശക്തികളായ ഐവറി കോസ്റ്റും യൂറോപ്യന്‍ കരുത്തരായ നോര്‍വേയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ടെക്സാസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിനെ പ്രീ-ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് മുന്‍ ലോകചാമ്പ്യന്‍മാരായ ബ്രസീലാണ്.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോറിനെയും കുറാസാവോയെയും തോല്‍പ്പിച്ച് മികച്ച ആത്മവിശ്വാസത്തിലാണ് എമേഴ്‌സ് ഫായെയുടെ സംഘം. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം ചരിത്രനേട്ടമാക്കി മാറ്റി പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് നായകന്‍ ഫ്രാങ്ക് കെസ്സിയും സംഘവും ലക്ഷ്യമിടുന്നത്.
അതേസമയം, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെയും എര്‍ലിങ് ഹാലണ്ടിന്റെയും നേതൃത്വത്തിലുള്ള നോര്‍വേയും കരുത്തുറ്റ സംഘമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചായിരുന്നു നോര്‍വേ ആ മത്സരത്തിനിറങ്ങിയത്.
ഇന്ന് ആദ്യ ഇലവനിലെ പ്രധാന താരങ്ങള്‍ തിരിച്ചെത്തുന്നതോടെ നോര്‍വേ കൂടുതല്‍ ശക്തരാകും. ഹാലണ്ടിന്റെ നേതൃത്വത്തിലുള്ള ആക്രമണനിരയും ഐവറി കോസ്റ്റിന്റെ ഉറച്ച പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടമാണ് ഡാലസില്‍ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. വിജയിക്കുന്ന ടീമിന് ബ്രസീലിനെതിരെ പ്രീ-ക്വാര്‍ട്ടറില്‍ പോരാടാനുള്ള അവസരവും സ്വന്തമാകും.
Content Highlight: Ivory Coast and Norway face off, aiming for a pre-quarterfinal spot