മലപ്പുറത്തിലെ ഫുട്ബോൾ ആവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മലപ്പുറം കേരള ഫുട്ബോളിന്റെ ശക്തികേന്ദ്രമാണെന്നാണ് വുകോമനോവിച്ച് വിശേഷിപ്പിച്ചത്. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ മലപ്പുറത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.
‘ഞാൻ ഇവിടെ വന്നിട്ട് ആറ് വർഷമായി. ഞാൻ മനസിലാക്കിയത് എന്താണെന്ന് വെച്ചാൽ മലപ്പുറം എന്ന് പറഞ്ഞാൽ കേരള ഫുട്ബോളിന്റെ ശക്തി കേന്ദ്രമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ അന്ന് ഈ ഭാഗത്ത് നിന്ന് ഒരുപാട് താരങ്ങൾ കളിക്കാൻ ഉണ്ടായിരുന്നു,’ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സി മിന്നും ഫോമിൽ കുതിച്ചുകൊണ്ടിരിക്കെയാണ് മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രാന്തിനെ പ്രശംസിച്ചു കൊണ്ടുള്ള ഇവാൻ ആശാന്റെ ഈ വാക്കുകളെന്നതും ശ്രദ്ധേയമാണ്. സൂപ്പർ ലീഗ് കേരളയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം വീഴ്ത്തിയിരുന്നു.
നേരത്തെ സെമി ഫൈനൽ ഉറപ്പിച്ച മലപ്പുറത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നവംബർ 25ന് കണ്ണൂർ വാരിയേഴ്സിനെതിരെയാണ്. നേരത്തെ സീസണിൽ പയ്യനാടിന്റെ മണ്ണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം വിജയിച്ചിരുന്നു.
അതേസമയം 2021ലായിരുന്നു ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റത്. വുക്കമനോവിച്ചിന്റെ കീഴിൽ കേരളത്തിന് കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമാക്കിയത്.
2021-22 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വപ്നതുല്യമായ മുന്നേറ്റമായിരുന്നു ഇവാന്റെ കീഴിൽ നടത്തിയിരുന്നത്. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരുപിടി ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സീസൺ, ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സീസൺ തുടങ്ങിയ ഒരുപിടി തകർപ്പൻ നേട്ടങ്ങളാണ് വുക്കമനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്.
2016ൽ സ്റ്റീവ് കോപ്പലിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് കൈപിടിച്ചു കയറ്റാൻ ഇവാന് സാധിച്ചിരുന്നു. എന്നാൽ ആ സീസണിൽ ഹൈദരാബാദ് എഫ്.സിയോട് പെനാൽട്ടിയിൽ 3-1ന് പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി. 2024 സീസണിൽ പരിക്കുകളും പ്രതിസന്ധികളും വില്ലനായി വന്നെങ്കിലും ടീമിനെ ക്വാളിഫയർ വരെ എത്തിക്കാനും ഇവാന് സാധിച്ചിരുന്നു.
ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയെങ്കിലും കേരളവുമായുള്ള ബന്ധം ഇവാൻ തുടർന്നു. 2025ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കരം’ എന്ന സിനിമയിലും മഞ്ഞപ്പടയുടെ ആശാൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഫുട്‌ബോൾ മൈതാനങ്ങളിൽ നിന്നും വെള്ളിത്തിരയിലേക്കും ഇവാനെത്തിയത് മലയാളി ഫുട്‌ബോൾ പ്രേമികളിൽ വലിയ ആവേശമായിരുന്നു.
Content Highlight: Ivan Vukamanovic talks about Malappuram football