| Sunday, 7th July 2019, 1:22 pm

'വാസ്തവത്തില്‍ ഇതൊരു മമ്മൂക്ക പടമാണ്'; പതിനെട്ടാം പടിയെക്കുറിച്ച് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനെട്ടാം പടി ഒരു മമ്മൂക്ക പടമാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. മമ്മൂട്ടി ചെയ്യുന്നത് ഗസ്റ്റ് അപ്പിയറന്‍സ് അല്ലെന്നും സാരവത്തായ ഒരു കാരക്ടറാണ് അദ്ദേഹത്തിന്റേതെന്നും രാഷ്ട്രദീപികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഒരു ഹീറോയെ പറഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് ലീഡ് ചെയ്യുന്നതു മമ്മൂക്കയാണ്. വാസ്തവത്തില്‍, ഇതൊരു മമ്മൂക്ക പടമാണ്. മമ്മൂക്ക ഈ പടത്തില്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ അല്ല. വളരെ സാരവത്തായ ഒരു കാരക്ടറാണ് മമ്മൂക്ക ചെയ്യുന്നത്. പലപ്പോഴും സ്‌ക്രീന്‍സ്‌പേസാണ് നമ്മള്‍ ഇതിനൊരു മാനദണ്ഡമായി നിശ്ചയിക്കുന്നത്.

ഒരു സിനിമയുടെ ഒരുവിധം വലിയ സ്‌ക്രീന്‍സ്‌പേസില്‍ മമ്മൂക്ക ആക്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയാണ് ഒരു ഗസ്റ്റ് ആക്ടര്‍ എന്നു വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നത് ടെക്‌നിക്കലി ശരിയല്ല. പലതും ആളുകള്‍ ഊഹിച്ചു പറയുന്നതാണ്. അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊന്നും നമ്മള്‍ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ.’- അദ്ദേഹം പറഞ്ഞു.

ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യുന്നതിനു മമ്മൂട്ടിയാണ് ഉചിതമെന്നു തോന്നിയെന്നും ശങ്കര്‍ പറഞ്ഞു. അണ്‍നോണ്‍ ആയ ഒരാളെവെച്ച് അതു ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിങ് അടുത്തവര്‍ഷം മധ്യത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വലിയ കാന്‍വാസിലുള്ള സിനിമയാണ് അതെന്നും എപിക് സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച പുറത്തിറങ്ങിയ പതിനെട്ടാം പടി ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 65 പുതുമുഖങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുന്ന ശങ്കര്‍ തന്നെയാണ് ഇതിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങിയത്.

രണ്ടാംപകുതിയിലാണ് മമ്മൂട്ടിയെത്തുന്നത്. പൃഥ്വിരാജ്, പ്രിയാമണി, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയവര്‍ അതിഥിവേഷങ്ങളിലെത്തുന്ന സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് യുവതാരങ്ങളാണ്.

Latest Stories

We use cookies to give you the best possible experience. Learn more