| Friday, 23rd October 2026, 4:40 pm

അതിര്‍ത്തിയില്‍ ചൈനയുമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് ഐ.ടി.ബി.പി മേധാവി: സൈന്യത്തിന് പിന്തുണ ആവശ്യമുള്ളപ്പോള്‍ മോദി ചൈനീസ് പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയായിരുന്നു എന്ന് കോണ്‍ഗ്രസ്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ പലയിടത്തും ചൈനീസ് സൈന്യവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐ.ടി.ബി.പി) ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍. അരുണാചലിലെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു എന്നതിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സായുധ സേനയെ ദുര്‍ബലപ്പെടുത്തിയെന്നും രാജ്യത്തെയും സൈന്യത്തെയും വളരെ പിന്നോട്ട് തള്ളിയിട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ചൈനയ്ക്ക് ഇനി ക്ലീന്‍ ഷീറ്റുകള്‍ നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ വസ്തുതകള്‍ തുറന്നുപറയേണമെന്നും ഐ.എന്‍.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

ടാക്‌സിങ് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രധാന പട്രോളിങ് പോയന്റുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തിനുള്ള പ്രവേശനം ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ജൂലൈ മാസം മുതല്‍ ഈ ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍ പറഞ്ഞു. ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കപൂര്‍.

സെപ്തംബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. ഉച്ചകോടി നടക്കുന്ന സമയത്ത് ഈ സൈനിക അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പരമ്പരാഗത സൈനിക ശേഷിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം വലുതാണെന്നും ചൈന വളരെയധികം മുന്നേറിയിട്ടുണ്ടെന്നും അവരെ നേരിടുന്നത് ബുദ്ധിമുട്ടാണെന്നും കപൂര്‍ പറഞ്ഞു.

അരുണാചലില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ശൗര്യ കമാന്‍ഡോകള്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗല്‍വാന്‍ പോലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനിക മേഖലയില്‍ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ലെന്നും ആധുനിക വത്കരണത്തിന് മോദി സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. മാത്രമല്ല, അവര്‍ അഗ്നിവീര്‍ പോലുള്ള വ്യാജ പദ്ധതികള്‍ കൊണ്ടുവന്നെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അതിനുപുറമെ, സായുധസേനയ്ക്ക് പ്രധാനമന്ത്രിയില്‍ നിന്നും പ്രോത്സാഹനം ആവശ്യമായിരുന്നപ്പോഴെല്ലാം മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടിരിക്കുകയും ചൈനീസ് പ്രസിഡന്റിനെ സ്വാഗതം ചെയ്തുതൊണ്ടിരിക്കുകയുമായിരുന്നുവെന്നും കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷ, നയതന്ത്രപരമായ ഉത്തരവാദിത്തം എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഡോക്ലാമിനും ഗല്‍വാനും ശേഷം മറ്റൊരു ഗുരുതരമായ സൈനികപ്രശ്‌നം കൂടി രൂപപ്പെടുകയാണോ എന്നും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.

ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചതിനു ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 102 ശതമാനമാണ് വര്‍ധിച്ചതെന്നും ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഖാര്‍ഗെ പറയുന്നു. ചൈന ഇന്ത്യന്‍ കയറ്റുമതികളെ തടസപ്പെടുത്തുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സമ്മതിച്ചിട്ടുള്ളതാണെന്ന് പറഞ്ഞ ഖാര്‍ഗെ മേക്ക് ഇന്‍ ഇന്ത്യ ഇംപോര്‍ട്ട് ഫ്രം ഇന്ത്യ ആയി മാറിയോ എന്ന് ചോദിച്ചു.

‘പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ഇതുവരെ 23ലധികം കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നു. അതിനുപുറമെ തുടര്‍ച്ചയായ എസ്.സി.ഒ, ബ്രിക്‌സ് ഉച്ചകോടികളും നടന്നു. എന്നാല്‍ ഈ നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് രാജ്യം കൈവരിച്ച യഥാര്‍ത്ഥ നേട്ടം എന്താണ്? 2020 മെയ് മാസത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ പെട്രോളിങ് അവകാശങ്ങള്‍ പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?’,ഖാര്‍ഗെ ചോദിച്ചു.

Content  Highlight: ITBP chief says China face-offs ongoing along Arunachal, Congress attacks PM

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more