| Sunday, 8th February 2026, 9:26 am

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരില്ല; നയം വ്യക്തമാക്കി ഇറ്റലി

അനിത സി

മിലാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ആശയമായ ബോര്‍ഡ് ഓഫ് പീസി(സമാധാന ബോര്‍ഡ്-ബി.ഒ.പി) ല്‍ ചേരില്ലെന്ന് വ്യക്തമാക്കി ഇറ്റലി.

രാജ്യത്തിന്റെ ഭരണഘടനാ പരിമിതികള്‍ കാരണമാണ് ബോര്‍ഡ് ഓഫ് പീസില്‍ ചേരാത്തതെന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി വിശദീകരിച്ചു.

മറ്റ് രാജ്യങ്ങളുമായി തുല്യത പാലിക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 11 തജാനി ചൂണ്ടിക്കാണിച്ചു. ട്രംപിന് വീറ്റോ പവര്‍ നല്‍കുന്ന ഒരു സംഘടനയില്‍ ഇക്കാരണങ്ങള്‍ കൊണ്ട് ഇറ്റലിക്ക് ചേരാനാകില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.

ഇറ്റലിയുടെ ഭരണഘടനയും ബോര്‍ഡ് ഓഫ് പീസും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നിയമപരമായി മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍ സമാധാന സംരംഭങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറ്റലി സന്നദ്ധരാണെന്നും തജാനി വാര്‍ത്താ ഏജന്‍സിയായ ANSA-യോട് പറഞ്ഞു.

ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി അന്റോണിയോ തജാനി Photo: Europeanpress/web.com

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസില്‍ എന്ന അന്താരാഷ്ട്ര സംഘടന രൂപീകരിച്ചത്.

ഇസ്രഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും ഗസയുടെ പുനര്‍നിര്‍മാണം നിരീക്ഷിക്കുകയും ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെങ്കിലും ഇതിന്റെ കരടില്‍ ഫലസ്തീനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തില്‍ വെച്ചായിരുന്നു ട്രംപ് ബി.ഒ.പി ഔദ്യോഗികമായി അവതരിപ്പിച്ചത്. യു.എന്‍ സംഘടനയെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് സംഘടനയുടെ രൂപീകരണമെന്ന ആശങ്കയും ഇതിനിടെ ഉയര്‍ന്നിരുന്നു.

അതേസമയം, ട്രംപുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അടുത്ത ബന്ധം സൂക്ഷിക്കുകയും ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബോര്‍ഡ് ഓഫ് പീസില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായി.

അതേസമയം, ഇറ്റലിക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ തുടങ്ങിയ പാശ്ചാത്യലോകത്തെ വന്‍ശക്തികളായ രാഷ്ട്രങ്ങളും ബോര്‍ഡ് ഓഫ് പീസില്‍ പങ്കാളികളാകില്ലെന്ന നിലപാട് സ്വീകരിച്ചു.

അറുപതോളം രാജ്യങ്ങളെ ബി.ഒ.പിയുടെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുപതോളം രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. ഇന്ത്യ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Content Highlight: Italy won’t join Trump’s Board of Peace

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more