| Friday, 18th July 2014, 6:08 pm

കടല്‍ക്കൊല കേസ്: ഇറ്റലി അമേരിക്കയുടെ സഹായം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] വാഷിങ്ടണ്‍: കടല്‍ക്കൊലകേസില്‍ പ്രതികളായ മറീനുകളെ രക്ഷപ്പെടുത്താന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. വിഷയം സംബന്ധിച്ച് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോട്ടി അമേരിക്കന്‍ പ്രതിരോധമന്ത്രി ചക് ഹെഗലുമായി കൂടിക്കാഴ്ച നടത്തി.

കടല്‍ക്കൊല കേസിലെ ഇന്ത്യയുടെ സമീപനം കടല്‍ കൊള്ളക്കെതിരായ വിവിധ രാജ്യങ്ങളുടെ നീക്കത്തെ ബാധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. നാവികരെ കസ്റ്റഡിയിലെടുത്ത ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നാണ് ഇറ്റലിയുടെ വിശദീകരണം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഇടപെടലിലൂടെ നാവികരെ സംരക്ഷിക്കുവാനാണ് ഇറ്റലിയുടെ ശ്രമം. കേസില്‍ യുറോപ്യന്‍ യൂണിയന്റെയും ഐക്യരാഷ്ട്രസഭയുടെയും സഹായം തേടിയതിനു പിന്നാലെയാണ് ഇറ്റലി അമേരിക്കയുടെ സഹായം തേടിയത്.

അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹെഗല്‍ വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.  എന്നാല്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന വാര്‍ത്ത വിദേശമന്ത്രാലയം നിഷേധിച്ചു.

2012 ഫിബ്രവരിയിലാണ് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇറ്റാലിയന്‍ നാവികര്‍ വധിച്ചത്.

We use cookies to give you the best possible experience. Learn more