ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ തുടരുമ്പോള്‍ നാല് തവണ ലോകകപ്പ് ശിരസിലണിഞ്ഞ ഇറ്റലി 2026ലെ കാല്‍പ്പന്ത് മാമാങ്കത്തിനുണ്ടാകില്ലേ എന്നാണ് ഓരോ ആരാധകരും പരസ്പരം ചോദിക്കുന്നത്. 2006ല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞ ആസൂറികള്‍ 2014ലാണ് അവസാനമായി ലോകകപ്പ് കളിച്ചത്.
തുടര്‍ന്ന് റഷ്യ ആതിഥേയരായ 2018ലെ ലോകകപ്പും 2022ലെ ഖത്തര്‍ ലോകകപ്പും ഇറ്റാലിയന്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലെത്താതെ വീട്ടിലിരുന്ന് കാണേണ്ടി വന്നു.
2021ലെ യുവേഫ യൂറോ കപ്പ് സ്വന്തമാക്കിയിട്ടും 2022 ലോകകപ്പില്‍ ഇറ്റലിയുണ്ടായിരുന്നില്ല. പ്ലേ ഓഫില്‍ ടീം തോറ്റ് പുറത്താവുകയായിരുന്നു.
യൂറോ കിരീടവുമായി
ഇത്തവണത്തെ യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇറ്റലിയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര കണ്ട് പന്തിയല്ല. നിലവില്‍ ഗ്രൂപ്പ് ഐ-യില്‍ നോര്‍വേയ്ക്ക് കീഴില്‍ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായി ടീമിന് ഒമ്പത് പോയിന്റാണുള്ളത്. അഞ്ച് മത്സരത്തില്‍ അഞ്ചിലും ജയിച്ച നോര്‍വേ 15 പോയിന്റോടെയാണ് ഒന്നാമത് തുടരുന്നത്.
ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് ലോകകപ്പിലേക്ക് നേരിട്ട യോഗ്യത ലഭിക്കുക. ഇനിയഥവാ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ പ്ലേ ഓഫ് കളിച്ചുജയിച്ച് മാത്രമേ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ടിക്കറ്റുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
നോര്‍വേയ്‌ക്കെതിരായ എവേ മത്സരത്തിലെ പരാജയമാണ് അസൂറികളുടെ കാര്യം ത്രിശങ്കുവിലാക്കിയത്. ഇതിന് പിന്നാലെയാണ് സ്‌പെലേറ്റിയുടെ പരിശീലകസ്ഥാനം തെറിച്ചതും ഗെന്നരോ ഗട്ടൂസോ എന്ന പഴയ പോരാളി ടീമിന്റെ പരിശീലകനായി എത്തിയതും.
പ്രൈം ഇറ്റലിയുടെ മധ്യനിരയിലെ വിശ്വസ്തനായ ഗട്ടൂസോയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് കീഴില്‍ ഇറ്റലി പതിയെ തിരിച്ചുവന്നു.
നോര്‍വേയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇറ്റലി എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗട്ടൂസോ പരിശീലകനായെത്തിയത്. കോച്ചിന്റെ ചുമതലയേറ്റെടുത്ത ആദ്യ മത്സരത്തില്‍ മോള്‍ഡോവയെ എതിരില്ലാത്ത രണ്ട് ഗോളിനും എസ്‌റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളിനും പരാജയപ്പെടുത്തി.
ഇസ്രഈലിനെതിരെ നാലിനെതിരെ അഞ്ച് ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഈ ടീമുകള്‍ക്കെതിരെ ഒരിക്കല്‍ക്കൂടി ഇറ്റലി നേര്‍ക്കുനേര്‍ വരും.
നംവബര്‍ 17ന് സ്വന്തം തട്ടകമായ സാന്‍ സിറോയില്‍ നടക്കുന്ന നോര്‍വേയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇറ്റലി തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിപ്പിക്കുന്നത്. നോര്‍വേക്കെതിരെ നടക്കാനുള്ള ഹോം മാച്ച് ആണെന്നതാണ് ആരാധര്‍ക്ക് ആശ്വാസം നല്‍കുന്നത്.
ഇതിനിടയില്‍ നോര്‍വേ ഏതെങ്കിലും മത്സരം പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഇറ്റലിക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാവുകയും ചെയ്യും.
കഴിഞ്ഞ രണ്ടു തവണയും പ്ലേ ഓഫ് കളിച്ച് തോറ്റാണ് നീലപ്പടയ്ക്ക് ലോകകപ്പ് യോഗ്യത നഷ്ടമായത്. അതിനാല്‍ തന്നെ ഇത്തവണ രണ്ടാം സ്ഥാനമെന്നത് ഇറ്റാലിയന്‍ ആരാധകരുടെ സ്വപ്‌നത്തില്‍ പോലുമുണ്ടാകില്ല.
Content Highlight: Italy’s chances in 2026 FIFA World Cup qualifiers