| Wednesday, 1st April 2026, 4:22 pm

സിദാന്റെ കണ്ണുനീര്‍ ഇപ്പോഴും വേട്ടയാടുന്നു; ഇത് ഫോഴ്‌സാ ഇറ്റാലിയ മുഴങ്ങാത്ത മൂന്നാം ലോകകപ്പ്

ആദർശ് എം.കെ.

2006ല്‍ ബെര്‍ലിനിലെ ഒളിംപയാസ്റ്റേഡിയനില്‍ വീണ സിനദിന്‍ സിദാന്‍ എന്ന ഇതിഹാസത്തിന്റെ കണ്ണുനീര്‍ ഇപ്പോഴും അസൂറിപ്പടയെ വേട്ടയാടുകയാണ്. മാര്‍ക്കോ മറ്റെരാസിയുടെ നെഞ്ചില്‍ ഹെഡ്ബട്ട് ചെയ്ത് ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങുമ്പോള്‍ സിദാനൊപ്പം കളം വിട്ടത് ഫ്രാന്‍സിന്റെ ലോകകപ്പ് മോഹങ്ങള്‍ കൂടിയായിരുന്നു. അന്ന് ഫാബിയോ കന്നവാരോയ്ക്ക് കീഴില്‍ ഇറ്റലി ലോകം കീഴടക്കിയെങ്കിലും കര്‍മ അസൂറികളെ വേട്ടയാടാന്‍ തുടങ്ങിയ നിമിഷവും അതൊന്നുതന്നെയായിരുന്നു.

മറ്റെരാസിയുടെ നെഞ്ചില്‍ തലകൊണ്ടിടിക്കുന്ന സിദാന്‍

2010ല്‍ സൗത്ത് ആഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അന്നത്തെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പുറത്തായി. ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയായിരുന്നു ഇറ്റലിയുടെ മടക്കമെന്നതും ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ടു.

ഗ്രൂപ്പ് എഫ്-ല്‍ പരഗ്വായ്, സ്ലോവാക്യ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഇടം നേടിയ ഇറ്റലിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നേടാനായത് രണ്ട് സമനിലയും ഒരു തോല്‍വിയും. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാനക്കാരായി പുറത്തേക്ക്.

ക്രൈസ്റ്റ് ദി റിഡീമറിനെ സാക്ഷിയാക്കി ഫിഫ വേള്‍ഡ് കപ്പ് ബ്രസീലിലെത്തിയപ്പോഴും ഇറ്റലി ഗ്രൂപ്പ് ഘട്ടം താണ്ടിയില്ല. കോസ്റ്റാ റിക്ക, ഉറുഗ്വായ്, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡി-യിലായിരുന്നു അസൂറികള്‍.

മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ വിജയം മാത്രമാണ് ഇറ്റലിക്ക് അന്ന് നേടാന്‍ സാധിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കോസ്റ്റാ റിക്കയും രണ്ടാം സ്ഥാനക്കാരായി ഉറുഗ്വായും അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മൂന്നാം സ്ഥാനക്കാരായ ഇറ്റലി ഒരിക്കല്‍ക്കൂടി നിരാശരായി മടങ്ങി.

റഷ്യ ആതിഥേയരായ 2018 ലോകകപ്പിലും ഖത്തര്‍ ആതിഥേയത്വം വഹിച്ച 2022 ലോകകപ്പിലും യോഗ്യത നേടാന്‍ പോലും അസൂറികള്‍ക്ക് സാധിച്ചില്ല.

2026 ലോകകപ്പിനും യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകത്ത് ഇറ്റലിയുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ യോഗ്യതാ മത്സരങ്ങളിലും തപ്പിത്തടഞ്ഞതോടെ ഇറ്റാലിയന്‍ ആരാധകരെ വീണ്ടും ദുസ്വപ്‌നങ്ങള്‍ വേട്ടയാടി.

നോര്‍വേയ്‌ക്കെതിരായ യോഗ്യതാ മത്സരത്തില്‍ മൂന്ന് ഗോളിന് പരാജയപ്പെട്ടതോടെ പരിശീലകന്‍ ലൂസിയാനോ സ്‌പെലേറ്റിയുടെ കസേര തെറിച്ചു.

2023ല്‍ ചുമതലയേറ്റ സ്പലേറ്റിക്ക് കീഴില്‍ ടീമിന് മികവ് കാട്ടാനായിരുന്നില്ല. 24 കളിയില്‍ 12 ജയം മാത്രമാണ് അസൂറികള്‍ നേടിയത്. ആറുവീതം തോല്‍വിയും സമനിലയും. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത തുലാസിലായതോടെയാണ് പരിശീലകന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

തുടര്‍ന്ന് സാക്ഷാല്‍ ഗെന്നരോ ഗട്ടൂസോ എന്ന പഴയ പോരാളിയെ അസൂറികള്‍ പരിശീലകന്റെ കുപ്പായമേല്‍പ്പിച്ചു. കളിക്കളത്തില്‍ കണിശക്കാരനും അതിലേറ ‘ചീത്തക്കുട്ടിയുമായിരുന്ന’ ഗട്ടൂസോ പരിശീലകന്റെ റോളിലെത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരുന്നു. ആ പ്രതീക്ഷകളെ ഒരു പരിധി വരെ കാക്കാനും ഗട്ടൂസോയ്ക്ക് സാധിച്ചിരുന്നു.

ഗെന്നരോ ഗട്ടൂസോ

ഇറ്റാലിയന്‍ ക്ലബ്ബായ എ.സി. മിലാന്‍, സ്പാനിഷ് ക്ലബ്ബായ വലന്‍സിയ, ഫ്രഞ്ച് ക്ലബ്ബ് മാഴ്സെ, ക്രൊയേഷ്യന്‍ ക്ലബ്ബായ ഹജ്ഡുക് സ്പ്ലിറ്റ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഗട്ടൂസോയ്ക്ക് കീഴില്‍ ഇറ്റലി പതിയെ താളം വീണ്ടെടുത്തു.

എസ്‌റ്റോണിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനും രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനും വിജയിച്ച ഇറ്റലി, ഇസ്രഈലിനെതിരെ 5-4നും 3-0നും വിജയം സ്വന്തമാക്കി.

സ്‌പെലേറ്റിക്ക് കീഴില്‍ മോള്‍ഡോവയെ നേരത്തെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ടീം, ഗട്ടൂസോയുടെ ശിക്ഷണത്തിലും അവരെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു.

എന്നാല്‍ നോര്‍വേയ്‌ക്കെതിരെ വീണ്ടും പരാജയപ്പെട്ടതോടെ നേരിട്ട് ലോകകപ്പ് യോഗ്യത നേടാന്‍ ഇറ്റലിക്ക് സാധിക്കാതെ പോയി.

ക്വാളിഫയേഴ്‌സ് സെമിയില്‍ നോര്‍തേണ്‍ ഐലന്‍ഡ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തെങ്കിലും ഫൈനലില്‍ ബോസ്‌നിയയോട് പരാജയപ്പെട്ടു.

സെനികയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലായിരുന്നു ഇറ്റലിയുടെ പരാജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുവരും ഒരോ ഗോള്‍ വീതമടിച്ച സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ഷൂട്ട്ഔട്ടില്‍ ബോസ്‌നിയ 4-1ന് വിജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു.

ഫോഴ്‌സാ ഇറ്റാലിയ മുഴങ്ങാത്ത മറ്റൊരു ലോകകപ്പിനാണ് ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മാല്‍ഡിനിയുടെയും ടോട്ടിയുടെയും ഡെല്‍ പിയേറോയുടെയും കന്നവാരോയുടെയും പിന്‍ഗാമികള്‍ അടുത്ത ലോകകപ്പിലെങ്കിലും പന്ത് തട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ഇറ്റാലിയന്‍ ആരാധകര്‍ക്കുള്ളത്. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ വസന്തകാലം തിരികെയെത്തുമെന്ന് തന്നെ നമുക്കും പ്രതീക്ഷിക്കാം.

Content Highlight: Italy once again failed to qualify for FIFA World Cup

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more