ടി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചരിത്ര വിജയവുമായി ഇറ്റലി. അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് അസൂറികള്‍ ലോകകപ്പിന് മുമ്പേ ചരിത്രമെഴുതിയത്. സെന്‍വെസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇറ്റലിയുടെ വിജയം.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഐറിഷ് ആര്‍മി പരമ്പര സ്വന്തമാക്കിയിരുന്നു. ഡെഡ് റബ്ബറും വിജയിച്ച് ക്ലീന്‍ സ്വീപ് മോഹവുമായെത്തിയ സ്‌റ്റെര്‍ലിങ്ങിനെയും സംഘത്തെയും നീലപ്പട ഞെട്ടിച്ചു.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ ഇറ്റലി മറികടക്കുകയായിരുന്നു.
ഒരു ഫുള്‍ മെമ്പര്‍ നേഷനെതിരെ ഇറ്റലിയുടെ ആദ്യ വിജയമാണിത്. ഐ.സി.സി ടൂര്‍ണമെന്റിന് മുമ്പ് 11ാം റാങ്കിലുള്ള ടീമിനോട് നേടിയ വിജയം 28ാം റാങ്കുകാര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
ക്രിക്കറ്റ് ഇറ്റലി
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 38 പന്ത് നേരിട്ട താരം 45 റണ്‍സ് നേടി മടങ്ങി.
മാര്‍ക് അഡയര്‍ (21 പന്തില്‍ 25), ബെന്‍ കാലിറ്റ്‌സ് (12 പന്തില്‍ 22), ഗാരെത് ഡിലാനി (14 പന്തില്‍ 18) എന്നിവരാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
ഒടുവില്‍ 19.4 ഓവറില്‍ 154ന് അയര്‍ലന്‍ഡ് ഓള്‍ ഔട്ടായി.
ഇറ്റലിക്കായി ക്രിസ്റ്റിയന്‍ കലുഗമാഗെ മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ജെ.ജെ. സ്മട്‌സ്, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ അലി ഹസനാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനറങ്ങിയ ഇറ്റലിക്ക് തുടക്കം പാളിയെങ്കിലും വെയ്ന്‍ മാഡ്‌സണ്‍, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവരുടെ ഇന്നിങ്‌സുകള്‍ തുണയായി.
മാഡ്‌സണ്‍ 30 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ 19 പന്തില്‍ പുറത്താകാതെ 33 റണ്‍സാണ് സ്റ്റുവര്‍ട്ട് അടിച്ചെടുത്തത്. ജിയാന്‍ പിയേറോ മീഡ് (19 പന്തില്‍ 22), ക്യാപ്റ്റന്‍ ജെ.ജെ. സ്മട്‌സ് (13 പന്തില്‍ 14) എന്നിവരുടെ ചെറുത്തുനില്‍പ്പും ഇറ്റലിയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമായി.
ഒരുവേള വിജയിക്കാന്‍ 12 പന്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു ഇറ്റലി. 19ാം ഓവറില്‍ രണ്ട് ഫോറടക്കം 14 റണ്‍സ് ഇറ്റലി സ്വന്തമാക്കി. ബാരി മെക്കാര്‍ത്തിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയ സ്റ്റുവര്‍ട്ട് ഇറ്റലിയെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുകയറ്റി.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളാണ് ഇനി ഇറ്റലിക്ക് മുമ്പിലുള്ളത്.
ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ഇറ്റലിയുടെ സ്ഥാനം. ഇംഗ്ലണ്ട്, നേപ്പാള്‍, സ്‌കോട്‌ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Italy defeated Ireland