| Monday, 13th April 2026, 3:19 pm

പോപ്പിന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുന്നു; ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ ലിയോ പതിനാലാമന് പിന്തുണയുമായി ഇറ്റലി

നിഷാന. വി.വി

ജനീവ: സുഡാനിലെ സമാധനത്തിനായി ലിയോ പതിനാലാന്‍ മാര്‍പ്പാപ്പയുടെ ഇടപെടലുകളെ പ്രശംസിച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി.

മാര്‍പ്പാപ്പയെ വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തജാനിയുടെ പ്രതികരണം.

സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുളള പോപ്പിന്റെ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുളള പോപ്പിന്റെ ആഹ്വാനത്തെ വിലപ്പെട്ട സംഭാവന എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആഫ്രിക്കയിലേക്കുള്ള പോപ്പിന്റെ യാത്രയ്ക്ക് ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന്റെ ദൗത്യത്തോടൊപ്പം പ്രാര്‍ത്ഥനകളോടെ നമുക്കും അനുഗമിക്കാമെന്നും തജാനി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷമായി തുടരുന്ന സുഡാന്‍ ആഭ്യന്തര യുദ്ധത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായങ്ങള്‍ എത്തിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു മാര്‍പ്പാപ്പയെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് രംഗത്തെത്തിയത്.

മാര്‍പ്പാപ്പയുടെ വിദേശ നയങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ദുര്‍ബലനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. മാര്‍പ്പാപ്പ ഒരു ആത്മീയ നേതാവായിരിക്കാതെ ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയുടെ വിദേശനയങ്ങളെയും ഇറാന്‍ വിഷയത്തിലുളള നയങ്ങളെയുമെല്ലാം എതിര്‍ക്കുന്ന രീതിയിലുളളതായിരുന്നു മാര്‍പ്പാപ്പയുടെ സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

Content Highlight: Italy backs Pope Leo XIV after Trump’s criticism, praises his peace efforts

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more