| Saturday, 19th April 2025, 4:16 pm

പങ്കാളിയുമായുള്ള 'സ്വകാര്യ കൂടിക്കാഴ്ച' അവകാശം; തടവുകാര്‍ക്കായി 'സെക്‌സ് റൂം' തുറന്ന് ഇറ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: തടവുകാര്‍ക്കായി ജയിലില്‍ സെക്‌സ് റൂം തുറന്ന് ഇറ്റലി. അമ്പ്രിയയിലെ ജയിലിലാണ് തടവുകാര്‍ക്ക് വേണ്ടി ഇറ്റലി ആദ്യമായി സെക്‌സ് റൂം തുറന്നത്. അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു തീരുമാനം.

ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ഇറ്റാലിയന്‍ നിയമമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഉത്തരവില്‍ ബെഡ്, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ മുറിയില്‍ രണ്ട് മണിക്കൂര്‍ സമയം തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താമെന്ന് പറയുന്നു. മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടരുതെന്നും നിര്‍ദേശമുണ്ട്.

2024ല്‍ തങ്ങളെ കാണാനെത്തുന്ന പങ്കാളികളുമായി സ്വകാര്യമായി ഇടപെഴകാന്‍ തടവുകാര്‍ക്ക് അവകാശമുണ്ടെന്ന് ഭരണഘടനാ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ അവകാശം പരിഗണിക്കാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള സാഹചര്യങ്ങള്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജയിലിലെ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ഇറ്റാലിയന്‍ അധികൃതരുടെ നീക്കം.

അമ്പ്രിയ ജയിലില്‍ കഴിയുന്ന ഒന്നിലധികം തടവുകാര്‍ക്ക് പങ്കാളിയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരന്മാരുടെ സ്വകാര്യതയെ മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അമ്പ്രിയയിലെ പ്രിസണേഴ്സ് റൈറ്റ്സ് ഓംബുഡ്സ്മാന്‍ ജ്യൂസെപ്പേ കഫോറിയോ അറിയിച്ചു.

ഇതൊരു പരീക്ഷണം ആയിരുന്നെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തടവുകാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നല്‍കുമെന്നും കഫോറിയോ പറഞ്ഞു.

അടുത്തിടെ ഇറ്റാലിയന്‍ ജയിലുകളിലെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ജയിലുകളില്‍ തടവുകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ ഇറ്റലി നടപടിയെടുത്തത്.

കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ളത് ഇറ്റലിയിലാണ്. ഏകദേശം 62,000ത്തിലധികം തടവുകാര്‍ ഇറ്റലിയിലുണ്ട്. ഇത് രാജ്യത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ 21 ശതമാനം കൂടുതലാണ്.

നേരത്തെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും തടവുകാര്‍ക്ക് പങ്കാളിയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നു.

Content Highlight: Italy allows prisoners to have private meetings with their partners

We use cookies to give you the best possible experience. Learn more