| Tuesday, 19th May 2026, 10:29 am

വര്‍ധിക്കുന്ന സൈനിക ചിലവുകള്‍, ഗസയിലെ വംശഹത്യ; ഇറ്റലിയില്‍ രാജ്യവ്യാപക സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: രാജ്യത്തെ സൈനിക ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇസ്രഈലിന്റെ ഗസ വംശഹത്യക്കും എതിരെ ഇറ്റലിയില്‍ രാജ്യവ്യാപക സമരം. തിങ്കളാഴ്ച നടന്ന സമരത്തിന്റെ ഭാഗമായി റോം, മിലാന്‍, നേപ്പിള്‍സ് അടക്കമുള്ള വിവിധ ഇറ്റാലിയന്‍ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

സമരം രാജ്യത്തെ റെയില്‍, ബസ്, മെട്രോ സര്‍വീസുകളെ ബാധിച്ചു. ട്രേഡ് യൂണിയനായ യു.എസ്.ബി യൂണിയനും വിവിധ സിവില്‍ സൊസൈറ്റികളുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

രാജ്യത്ത് ജീവിത ചെലവുകള്‍ ഉയരുന്നതിനും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് പകരം സര്‍ക്കാര്‍ സൈനിക ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും എതിരെ സമരക്കാര്‍ പ്രതിഷേധമുയര്‍ത്തി. പ്രതിഷേധക്കാര്‍ ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യവും ഉയര്‍ത്തി. നിരവധി പേര്‍ ഫലസ്തീന്‍ പതാകയുയര്‍ത്തിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കെത്തിയത്.

‘കുറ്റവാളികളായ ഇസ്രഈലി ഭരണകൂടത്തോടുള്ള അനുഭാവം ഇറ്റലി സര്‍ക്കാര്‍ അവസാനിപ്പിക്കണ’മെന്ന് സമരക്കാര്‍ പറഞ്ഞു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും സമരക്കാര്‍ വ്യക്തമാക്കി.

യുദ്ധ സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരാണ് ഈ സമരം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഗസയിലേക്ക് സഹായമെത്തിക്കുന്ന സുമുദ് ഫ്‌ളോട്ടില്ല കപ്പല്‍ ദൗത്യത്തെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങളും സമരക്കാര്‍ മുഴക്കി.

ഫലസ്തീന്‍ വംശജനായ സ്പാനിഷ് ആക്ടിവിസ്റ്റ് സൈഫ് അബ്ദുകെഷെക് അടക്കമുള്ളവര്‍ റോമില്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. അുത്തിടെ ഫ്‌ളോട്ടില്ല ദൗത്യത്തിന്റെ ഭാഗമായുള്ള കപ്പലില്‍ ഗസയിലേക്ക് പോകവേ ഇസ്രഈല്‍ സേന അബ്ദുകെഷെകിനെ അറസ്റ്റ് ചെയ്തിരുന്നു.

ഗസയിലേക്ക് സഹായമെത്തിക്കുന്നതിനായി പോകുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുന്ന ഇസ്രഈല്‍ നടപടിയെ അബ്ദുകെഷെക് അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Italians strike to denounce military spending, Israel’s Gaza genocide

We use cookies to give you the best possible experience. Learn more