ടെല്‍ അവീവ്: ഈസ്റ്ററിന് മുന്നോടിയായുള്ള വിശുദ്ധ വാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച സെപല്‍ച്ചര്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയെയും മറ്റ് പുരോഹിതരെയും തടഞ്ഞ ഇസ്രഈല്‍ പൊലീസ് നടപടിക്കെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം.
ഇസ്രഈലിന്റെ നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.
കര്‍ദ്ദിനാള്‍ പിസാബല്ലയെയും പള്ളിയുടെ ഔദ്യോഗിക ഗാര്‍ഡിയന്‍ ഫ്രാന്‍സെസ്‌കോ ലെല്‍പോയെയും തടഞ്ഞ സംഭവത്തില്‍ ജോര്‍ജിയ മെലോനി കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
‘വിശ്വാസികള്‍ക്ക് മാത്രമല്ല, മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഏതൊരു സമൂഹത്തിനും ഈ സംഭവം അപമാനകരമാണ്,’ എന്ന് മെലോനി പറഞ്ഞു.
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇസ്രഈല്‍ അംബാസഡറെ വിളിച്ചുവരുത്തി വിഷയത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ ലോകം ഏറ്റവും വിശുദ്ധമായി കരുതുന്ന ഒരു ദിനത്തില്‍ സഭാ മേധാവികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര പ്രതിസന്ധിയായി മാറുകയാണ്.
അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ ഇസ്രഈല്‍ അടച്ചുപൂട്ടിയത്.
ഇതേത്തുടര്‍ന്ന് ഒലിവ് പര്‍വതത്തില്‍ നിന്നുള്ള പരമ്പരാഗത ഓശാന ഘോഷയാത്ര സഭ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. എങ്കിലും, ചെറിയ ഗ്രൂപ്പുകളായി ഒത്തുകൂടാനുള്ള അനുമതി നിലനില്‍ക്കെയാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ കര്‍ദ്ദിനാളിനെ പൊലീസ് തടഞ്ഞത്.
നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തില്‍ സഭാ മേധാവികള്‍ക്ക് ഹോളി സെപല്‍ച്ചര്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാതെ പോകുന്നത്.
ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ ഇസ്രഈല്‍ അവഗണിക്കുകയാണെന്നും കത്തോലിക്കാ സഭ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കര്‍ദ്ദിനാളിനെ തടഞ്ഞതെന്നാണ് ഇസ്രഈല്‍ പൊലീസ് നല്‍കുന്ന വിശദീകരണം. പഴയ നഗരവും പുണ്യസ്ഥലങ്ങളും സങ്കീര്‍ണ്ണമായ പ്രദേശമാണെന്നും വലിയ അപകടങ്ങള്‍ സംഭവിച്ചാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമാണെന്നും ഇസ്രഈല്‍ വാദിക്കുന്നു.
ഇറാന്‍ പുണ്യസ്ഥലങ്ങളെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നതിനാല്‍ കര്‍ദ്ദിനാളിന്റെ സുരക്ഷയെ കരുതിയാണ് നിയന്ത്രണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇതില്‍ ദുരുദ്ദേശമില്ലെന്നും വരും ദിവസങ്ങളില്‍ ആരാധന നടത്താന്‍ പുതിയ പ്ലാനുകള്‍ തയ്യാറാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
മെലോനിയെ കൂടാതെ മറ്റ് പ്രമുഖ ലോക നേതാക്കളും ഇസ്രഈലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്:
ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി ഈ നടപടിയെ ‘നിര്‍ഭാഗ്യകരമായ കടന്നുകയറ്റം’ എന്നാണ് വിശേഷിപ്പിച്ചത്. പള്ളികളില്‍ 50 പേര്‍ക്ക് വരെ പ്രവേശിക്കാമെന്ന നിയന്ത്രണം നിലനില്‍ക്കെ വെറും നാല് പ്രതിനിധികളുമായി എത്തിയ പാത്രിയര്‍ക്കീസിനെ തടഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമില്‍ എല്ലാ മതങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവശ്യപ്പെട്ടു.
ഇത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞ കാജ കല്ലാസ് പ്രതികരിച്ചത്.
സഹിഷ്ണുതയില്ലാതെ സഹവര്‍ത്തിത്വം അസാധ്യമാണെന്നും ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പറഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ അല്‍-അഖ്‌സ പള്ളിയും വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. ക്രിസ്ത്യന്‍-മുസ്‌ലീം വിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് മേല്‍ ഇസ്രഈല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മേഖലയില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമാവുകയാണ്.
Content Highlight: Italian Prime Minister Giorgia Meloni about Israeli police block Catholic cardinal from Holy Sepulchre on Palm Sunday