| Friday, 31st July 2026, 1:06 pm

മറഡോണയെ പോലും വിറപ്പിച്ച വന്മതില്‍; ഇറ്റാലിയന്‍ ഇതിഹാസം ബറേസി ഇനി ഓര്‍മ

സുദേവ് എ

ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി ഇറ്റാലിയന്‍ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം 66ാം വയസിലാണ് ലോകത്തോട് വിടപറയുന്നത്. ഇറ്റലിയുടെ മുന്‍ ലോകകപ്പ് ജേതാവും എ.സി മിലാന്റെ ഇതിഹാസവുമായ ബറേസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ്.

അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയെ വരെ വിറപ്പിച്ച ഡിഫന്‍ഡറായിരുന്നു ബറേസി. കളിക്കളത്തില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡിഫന്‍ഡറെന്ന് മറഡോണ വിശേഷിപ്പിച്ചതും ബറേസിയെയായിരുന്നു.

ഇറ്റാലിയന്‍ സീരി എ-യില്‍ മറഡോണയുടെ നാപോളിക്കെതിരെ ബറേസി നടത്തിയ പോരാട്ടവീര്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ അപരാജിതരായി 55 മത്സരങ്ങളില്‍ മുന്നേറി ‘ദി ഇന്‍വിസിബിള്‍സ്’ എന്ന പേര് മിലാന് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരവും കൂടിയാണ് ബറേസി.

അസൂറിപ്പടക്ക് വേണ്ടി 81 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ബറേസി 1982ലാണ് ടീമിനൊപ്പം ലോകകപ്പ് സ്വന്തമാക്കിയത്. 1990 ലോകകപ്പില്‍ ഇറ്റലിക്കൊപ്പം മൂന്നാം സ്ഥാനവും 1994ല്‍ ടീമിനൊപ്പം റണ്ണേഴ്സ് അപ്പായും ബറേസി മാറി. ലോകകപ്പ് ചരിത്രത്തില്‍ ചാമ്പ്യന്‍, റണ്ണേഴ്സ് അപ്പ്, മൂന്നാം സ്ഥാനം എന്നീ മൂന്ന് നേട്ടങ്ങളും കൈവരിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ബറേസി.

ക്ലബ്ബ് തലത്തിലും അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ബറേസി. 20 വര്‍ഷക്കാലം എ.സി മിലാന് വേണ്ടി പന്തുതട്ടിയ ബറേസി 719 മത്സരങ്ങളിലാണ് എ.സി മിലാന് വേണ്ടി പ്രതിരോധ നിരയില്‍ വിശ്വസ്തനായി നിലയുറപ്പിച്ചത്.

എ.സി മിലാനൊപ്പം ആറ് സീരി എ, നാല് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, മൂന്ന് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നീ കിരീടങ്ങളാണ് ഇറ്റാലിയന്‍ ഇതിഹാസം കൈപ്പിടിയിലാക്കിയത്.

1977 മുതല്‍ എ.സി മിലാനൊപ്പം തുടങ്ങിയ തന്റെ ഫുട്‌ബോള്‍ യാത്ര 1997ലാണ് ബറേസി അവസാനിപ്പിച്ചത്. ബറേസി വിരമിച്ചതോടെ ആദരസൂചകമായി ക്ലബ്ബ് താരത്തിന്റെ ആറാം നമ്പര്‍ ജേഴ്‌സിയും പിന്‍വലിച്ചു.

എ.സി മിലാന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ആദ്യമായി ഇടം പിടിച്ച താരവും ബറേസിയാണ്. വേള്‍ഡ് സോക്കര്‍ മാസികയില്‍ 20ാം നൂറ്റാണ്ടില്‍ ഇടം നേടിയ 100 താരങ്ങളില്‍ 19ാം സ്ഥാനത്തായിരുന്നു ബറേസി.

ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും പരിശീലകനെന്ന നിലയില്‍ എ.സി മിലാനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. മിലാന്റെ അണ്ടര്‍ 19 ടീമിന്റെയും അണ്ടര്‍ 17 ടീമിന്റെയും പരിശീലകനായാണ് ബറേസി പ്രവര്‍ത്തിച്ചത്. പിന്നീട് ഇംഗ്ലീഷ് ക്ലബ്ബ് ഫുള്‍ഹാമിന്റെ ഡയറക്ടര്‍ ഓഫ് ഫുട്‌ബോളറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Content Highlight: Italian legend Franco Baresi passes away

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more