| Monday, 16th November 2026, 12:00 pm

970 മില്യണ്‍ വോട്ടര്‍മാരുള്ള ഇന്ത്യയെ ജനാധിപത്യം പഠിപ്പിക്കണ്ട: വോട്ട് ചോരി പരാമര്‍ശത്തില്‍ ഇറ്റാലിയന്‍ നേതാവ്

ദേവിക ജയചന്ദ്രന്‍

ടൂറിന്‍: യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി(പി.ഇ.എസ്)യുടെ സെക്രട്ടറി ജനറലും ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവുമായ ജിയോകാമോ ഫിലിബെക്കിന്റെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങളില്‍ വിമര്‍ശനവുമായി ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് ഡെബോറ ബെര്‍ഗാമിനി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹൈദരാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഫിലിബെക് ‘വോട്ട് ചോര്‍ ഗദ്ദി ഛോട്’ എന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബെര്‍ഗാമിനി ഫിലിബെക്കിനെതിരെ രംഗത്തെത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ഫോര്‍സ ഇറ്റാലിയ നേതാവാണ് ബെര്‍ഗാമിനി.

970 ദശലക്ഷം വോട്ടര്‍മാരുള്ള ഇന്ത്യയെ ജനാധിപത്യ തത്വങ്ങള്‍ പഠിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കേണ്ട എന്നാണ് ബെര്‍ഗാമിനി പറഞ്ഞത്. ഇന്ത്യയ്ക്ക് സുസ്ഥിരമായ രാഷ്ട്രീയ സ്ഥാപനങ്ങളും സ്വതന്ത്ര നീതിന്യായ സംവിധാനവുമുണ്ടെന്നും ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ ആഭ്യന്തര തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ രാജ്യത്തിന് കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാനും സ്വന്തം വാദങ്ങള്‍ അവതരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത്തരമൊരു സാഹചര്യത്തില്‍ സൗഹൃദ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടുന്നത് ഉചിതമല്ല. എല്ലാ മേഖലകളിലും ആഴത്തിലുള്ള സഹകരണം ഉറപ്പാക്കുന്ന പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ളത്,’ ബെര്‍ഗാമിനി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിഹരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 14ന് ഹൈദരാബാദില്‍ നടന്ന ഭാരത് ഉച്ചകോടി 2026ലാണ് വിവാദത്തിന് ആധാരമായ ഫിലിബെക്കിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട ഫിലിബെക്ക്, ഇന്ത്യന്‍ ജനാധിപത്യം ആക്രമണത്തിനിരയാകുകയാണെന്നും അത് ഹൈജാക്ക് ചെയ്യപ്പെടുകയാണെന്നും ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ‘വോട്ട് ചോര്‍, ഗദ്ദി ഛോട്’ എന്ന പ്രചാരണ മുദ്രാവാക്യവും അദ്ദേഹം ആവര്‍ത്തിച്ചു.

‘ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കുകയാണ്. കോണ്‍ഗ്രസിനും ലോകമെമ്പാടുമുള്ള മറ്റ് പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം സാമൂഹിക നീതി, കാലാവസ്ഥാ നീതി, മനുഷ്യാവകാശങ്ങള്‍, യഥാര്‍ഥ ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് ഞങ്ങള്‍’ ഫിലിബെക്ക് പറഞ്ഞു.

അതിനിടെ, അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി.

ഹൈദരാബാദില്‍ നടന്ന ഭാരത് ഉച്ചകോടി 2026 പരാമര്‍ശിച്ച ഷാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇടതുപക്ഷ പ്രചാരകരെ കോണ്‍ഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചെന്നും ഉച്ചകോടിയുടെ പേര് ഭാരത് എന്നായിരുന്നിട്ടും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചു.

തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളുടെ നിരാശയിലാണ് രാഹുല്‍ ഗാന്ധി വിദേശവേദികളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Content Highlight: Italian leader  says  Europeans should not lecture a country with 970 million voters on democratic principles, criticising Filibeck’s remarks at the Bharat Summit.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more