| Tuesday, 10th November 2026, 12:19 pm

കനത്ത കൊടുങ്കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടം; ഗസയിലേക്കുള്ള അതിര്‍ത്തികള്‍ തുറക്കണമെന്ന് ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗം

ദേവിക ജയചന്ദ്രന്‍

ടൂറിന്‍: കടുത്ത കൊടുങ്കാറ്റിലും മഴയിലും ഗസയില്‍ പലായനം ചെയ്യപ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ നശിച്ച സാഹചര്യത്തില്‍ ഗസയിലേക്കുള്ള അതിര്‍ത്തികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ പാര്‍ലമെന്റംഗം അര്‍തൂറോ സ്‌കോട്ടോ. കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ അഭയം തേടിയിരുന്ന ഏകദേശം 70,000 കൂടാരങ്ങള്‍ തകര്‍ന്നിരുന്നു.

ഇറ്റലിയുടെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗമായ സ്‌കോട്ടോ, എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗസയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടത്.

ശൈത്യകാല കൊടുങ്കാറ്റുകള്‍ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളെ തകര്‍ക്കുന്നതിനിടെ ലക്ഷക്കണക്കിന് ഫലസ്തീനികളുടെ ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സ്‌കോട്ടോ മുന്നറിയിപ്പ് നല്‍കി.

‘ഗസയില്‍ കുടിയിറക്കപ്പെട്ടവര്‍ക്കുള്ള 70,000 ടെന്റുകള്‍ ഭയാനകമായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. 9,50,000 ഫലസ്തീനികള്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. സന്നദ്ധസംഘടനകള്‍ക്ക് അടിയന്തരമായി 2,60,000 പുതിയ കൂടാരങ്ങള്‍ ആവശ്യമാണ്. ക്രോസിങ്ങുകള്‍ ഉടന്‍ തുറക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഇസ്രഈലിനോട് ആവശ്യപ്പെടണം,’ അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ടെന്റുകള്‍ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ടെങ്കിലും, ഇസ്രഈല്‍ സൈന്യം അവ അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, കൊടുങ്കാറ്റ് കാരണം 3,50,000ത്തോളം അഭയാര്‍ഥികള്‍ക്ക യാതൊരു സംരക്ഷണവുമില്ലാതെ പുറത്ത് കഴിയേണ്ടി വന്നിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബുര്‍ഷ് ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍, കനത്ത മഴയും ശക്തമായ കാറ്റും അടങ്ങിയ മോശം കാലാവസ്ഥ ഗാസ മുനമ്പില്‍ തുടരുകയാണ്. മഴയില്‍ നിന്നും തണുപ്പില്‍ നിന്നും കാര്യമായ സംരക്ഷണം നല്‍കാത്ത, ദ്രവിച്ച കൂടാരങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളുടെ ദുരിതം ഇത് കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

ഞായറാഴ്ച മധ്യ ഗാസയിലെ ദെയ്ര് അല്‍ബലഹില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന കൂടാരങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ഫലസ്തീന്‍ സ്ത്രീയും നാല് കുട്ടികളും കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ച ശേഷമുള്ള ആദ്യ 12 മണിക്കൂറിനുള്ളില്‍ തന്നെ 70,000 അഭയാര്‍ഥി കൂടാരങ്ങളില്‍ വെള്ളം കയറിയതായി ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സഹായം തേടി താമസക്കാരില്‍നിന്ന് ഏകദേശം 1,500 അടിയന്തര ഫോണ്‍ വിളികള്‍ ലഭിച്ചതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുന്‍പത്തെ ഇസ്രാഈലി ബോംബാക്രമണങ്ങളില്‍ ബലഹീനമായ കെട്ടിടങ്ങളും മതിലുകളും കൊടുങ്കാറ്റില്‍ തകര്‍ന്നുവീണ് പലര്‍ക്കും പരിക്കേറ്റു.

അതേസമയം, ഗസയില്‍ വെള്ളപ്പൊക്കം ബാധിച്ചവര്‍ക്ക് അടിയന്തര സാമ്പത്തിക, മാനുഷിക സഹായം നല്‍കണമെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി അഭ്യര്‍ത്ഥിച്ചു. മോശം കാലാവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി പറഞ്ഞു.

Content Highlight: Italian lawmaker Arturo Scotto has called on the international community to pressure Israel to immediately open Gaza’s border crossings after severe floods.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more