| Friday, 22nd August 2025, 8:26 am

ഇസ്രഈലിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കണം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ പരിശീലക അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈലിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പരിശീലകരുടെ അസോസിയേഷന്‍. 2026 ലോകകപ്പിന് മുന്നോടിയായി അടുത്ത രണ്ടുമാസത്തിനുള്ളില്‍ ഇസ്രഈലിന് ഇറ്റലിയുമായി ഉള്ള രണ്ട് യോഗ്യത മത്സരങ്ങള്‍ ഉണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഇസ്രഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എ.ഐ.എ.സി നല്‍കിയ കത്തില്‍ പറയുന്നത്.

‘മാനേജര്‍മാര്‍, പരിശീലകര്‍, കായികതാരങ്ങള്‍ എന്നിവരുള്‍പ്പെടെ ദിനംപ്രതിയുള്ള കൂട്ടക്കൊലകള്‍ കണക്കിലെടുക്കുമ്പോള്‍ ഇസ്രഈലിനെ കായിക മത്സരങ്ങളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കുന്നതിനായി യുവേഫക്കും ഫിഫക്കും സമര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥന ഫെഡറേഷനില്‍ പ്രധാന ചര്‍ച്ചകയാകേണ്ടത് നിയമാനുസൃതമുള്ള ആവശ്യമാണ്. ഇത് തങ്ങളുടെ കടമയാണെന്ന് എ.ഐ.എ.സി ഡയറക്ടര്‍ ബോര്‍ഡ് വിശ്വസിക്കുന്നു,’ കത്തില്‍ പറഞ്ഞു.

മാത്രമല്ല ഭൂതകാല വേദനകള്‍ക്ക് ആരുടെയും മനസാക്ഷിയെയും മനുഷ്യത്വത്തെയും മൂടാന്‍ സാധിക്കില്ലെന്ന്
എ.ഐ.എ.സി വൈസ് പ്രസിഡണ്ട് ജിയാന്‍ കര്‍ലോസ് കമോലീസും പറഞ്ഞു.

‘ഭൂതകാലത്തിന്റെ വേദനകള്‍ക്ക് ആരുടെയും മനസാക്ഷിയെയും മനുഷ്യത്വത്തെയും മൂടാന്‍ സാധിക്കില്ല. ഫുട്‌ബോള്‍ കളിക്കുന്നതില്‍ മാത്രമല്ല ഞങ്ങള്‍ നിരീക്ഷിക്കുന്നത് അതിന് മറ്റൊരു തലം കൂടെയുണ്ട്,’ ജിയാന്‍ കാര്‍ലോസ് പറഞ്ഞു.

അതേസമയം സെപ്റ്റംബര്‍ എട്ടിന് ഹംഗറിയിലെ ഡെബ്രെസെനില്‍ ഇസ്രഈലിനെതിരെ നിഷ്പക്ഷ മത്സരത്തിന് ഒരുങ്ങുകയാണ് ഇറ്റലി. മാത്രമല്ല ഒക്ടോബര്‍ 14ന് ഉഡിനിയില്‍ റിട്ടേണ്‍ മത്സരവും നടത്തും. കഴിഞ്ഞ ഒക്ടോബറില്‍ ഉഡിനിയില്‍ നടന്ന നേഷന്‍സ് ലീഗില്‍ അസൂറി – ഇസ്രഈല്‍ മത്സരത്തിനിടയില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു സ്‌റ്റേഡിയത്തില്‍ നിറഞ്ഞത്. സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി മത്സരത്തിന് മുമ്പും പ്രതിഷേധങ്ങള്‍ നടന്നു. വിദഗ്ധ സ്‌നൈപ്പര്‍മാര്‍ ഉള്‍പ്പെടെ വലിയ സുരക്ഷാക്രമീകരണങ്ങളുടെ ആയിരുന്നു ഈ മത്സരം നടത്തേണ്ടി വന്നത്.

മാത്രമല്ല ഗസയിലെ യുദ്ധത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാരണം ബുണ്ടസ് ലീഗാ 2 ടീമായ ഫോര്‍ച്യൂണ ഡസല്‍ ഡോര്‍ഫിന്റെ ഇസ്രയേല്‍ സ്‌ട്രൈക്കര്‍ ഷോണ്‍ വീസ്മാനെ കരാറില്‍ നിന്ന് പിന്‍വലിച്ചതായി ജര്‍മന്‍ ടാബ്ലോയിഡ് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ ഇതുവരെ 62,000ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരന്തരമായ ബോംബ് ആക്രമണങ്ങളിലും നിര്‍ബന്ധിത പട്ടിണിയിലും ആണ് ഭൂരിഭാഗം ആളുകളും മരണപ്പെടുന്നത്. ഇതിനിടെ ഗസ പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ഇസ്രഈലിന്റെ പദ്ധതികളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Content Highlight: Italian Football Coaches Association calls for Israel to be suspended from international competitions in wake of Gaza war

We use cookies to give you the best possible experience. Learn more